ഒന്നും രണ്ടുമല്ല എണ്ണം പറഞ്ഞ 14 വര്‍ഷങ്ങള്‍; 40ാം വയസിലും വിസ്മയിപ്പിക്കുന്ന റോണോ
Football
ഒന്നും രണ്ടുമല്ല എണ്ണം പറഞ്ഞ 14 വര്‍ഷങ്ങള്‍; 40ാം വയസിലും വിസ്മയിപ്പിക്കുന്ന റോണോ
ഫസീഹ പി.സി.
Sunday, 28th December 2025, 3:31 pm

സൗദി പ്രൊ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. അല്‍ അഖ്ദൂദിന് എതിരെയുള്ള മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും റോണോയുടെ ടീമിന് സാധിച്ചു.

മത്സരത്തില്‍ അല്‍ നസ്റിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീണ്ടും ഗോളടിച്ച് വിസ്മയിപ്പിച്ചിരുന്നു. ടീമിന്റെ ആദ്യ രണ്ട് ഗോളും വലയില്‍ എത്തിയത് താരത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. 31ാം മിനിട്ടിലായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. അബ്ദുല്ല അല്‍അംരി നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: AlNassrFC/x.com

ഏറെ വൈകാതെ റോണോ തന്റെ രണ്ടാം ഗോളും വലയിലെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍. മാഴ്സെലോ ബ്രോസോവിച്ചായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. റോണോയുടെ ഇരട്ട ഗോളും രണ്ടാം പകുതിയിലെ ജാവോ ഫെലിക്‌സിന്റെ ഗോളും ചേര്‍ന്ന് അല്‍ നസ്ര്‍ വിജയം സ്വന്തമാക്കി.

ഈ മത്സരത്തിലെ ഗോളോടെ ഈ വര്‍ഷത്തെ ഗോള്‍ നേട്ടം 40 ആയി ഉയര്‍ത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു. ഇത് 14ാം വര്‍ഷമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ഗോളുകളുടെ എണ്ണം 40 കടത്തുന്നത്.

2010ലാണ് റോണോ ആദ്യമായി 40 ഗോളുകള്‍ വലയിലെത്തിച്ചത്. ആ വര്‍ഷം 48 ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് രണ്ട് വര്‍ഷങ്ങളില്‍ ഒഴികെ ഇതുവരെയുള്ള ഓരോ വര്‍ഷവും എല്‍ ബിച്ചോ തന്റെ ഗോളുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇപ്പോള്‍ 40ാം വയസിലും 40 ഗോളുകള്‍ നേട്ടം താരം ആവര്‍ത്തിച്ചിരിക്കുകയാണ്. 2019, 2021ലുമാണ് താരത്തിന് ഈ നേട്ടത്തിലെത്താന്‍ സാധിക്കാതിരുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: Fabrizio Romano/x.com

ഈ കാലയളവില്‍ ആരാധകരുടെ പ്രിയ റോണോ പല ക്ലബ്ബുകളായി പന്ത് തട്ടി. പക്ഷേ, തട്ടകങ്ങള്‍ മാറിയപ്പോഴും കളി കൊണ്ടും ഗോള്‍ വേട്ട കൊണ്ട് താരം ഫുട്‌ബോള്‍ പ്രേമികളെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. ഇവിടെയെല്ലാം താരം ആരാധകര്‍ക്ക് വിരുന്നൊരുക്കി ഗോള്‍ മഴ പെയ്യിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഓരോ വര്‍ഷത്തേയും ഗോളുകള്‍

(വര്‍ഷം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

2010 – 48

2011 – 60

2012 – 63

2013 – 69

2014 – 61

2015 – 57

2016 – 55

2017 – 53

2018 – 49

2020 – 44

2021 – 47

2023 – 54

2024 – 43

2025 – 40

Content Highlight: Cristiano Ronaldo has scored 40+ goals in fourteen different calendar years

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി