മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരവും തന്റെ മുന്‍ സഹതാരവുമായ കാസെമിറോയെ സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് എത്തിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറാന്‍ സാധ്യതയുള്ള താരത്തെ അവിടെനിന്ന് പിന്തിരിപ്പിക്കാനാണ് റൊണാള്‍ഡോ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാസെമിറോ

ഈ സമ്മറോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്ന 34കാരനായ പഴയ സഹതാരവുമായി ഒരിക്കല്‍ക്കൂടി പന്തുതട്ടാനുള്ള ശ്രമമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം നടത്തുന്നത്.

ബ്രസീലിയന്‍ താരവുമായി ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാന്‍ അവസരമുണ്ടെങ്കിലും യുണൈറ്റഡ് അതിന് താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കാസെമിറോ ടീം വിടുന്നതോടെ ആഴ്ചയില്‍ 375,000 പൗണ്ട് ശമ്പള ഇനത്തില്‍ ലാഭിക്കാന്‍ യുണൈറ്റഡിന് സാധിക്കും.

മെസിയുടെ ടീമായ ഇന്റര്‍ മയാമി കാസെമിറോയെ ടീമിലെത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ കുടുംബത്തോടൊപ്പം മയാമിയില്‍ അവധിക്കാലം ആഘോഷിച്ച താരം, അവിടെ താമസിക്കാന്‍ താത്പര്യമുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

കാസെമിറോ

എന്നാല്‍ ബ്രസീലിന്റെ മധ്യനിരയിലെ വിശ്വസ്തനെ സൗദി പ്രോ ലീഗിലെത്തിക്കാന്‍ റൊണാള്‍ഡോ നേരിട്ട് ശ്രമിക്കുന്നതായി സ്പാനിഷ് ഔട്ട്‌ലെറ്റായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. റയല്‍ മാഡ്രിഡില്‍ നേരത്തെ ഒന്നിച്ച് 122 മത്സരങ്ങളില്‍ പന്തുതട്ടുകയും നിരവധി കിരീടങ്ങള്‍ നേടുകയും ചെയ്ത പന്തുതട്ടിയ കാസെമിറോയെ താരം നേരിട്ട് ബന്ധപ്പെട്ട് തന്റെ ടീമിലേക്ക് ക്ഷണിച്ചതായാണ് മാര്‍ക്കയുടെ റിപ്പോര്‍ട്ട്.

റൊണാള്‍ഡോയും കാസെമിറോയും

നിലവില്‍ ഇന്റര്‍ മയാമി നേരിടുന്ന സാമ്പത്തിക പരിമിതികള്‍ കാസെമിറോയുടെ നീക്കത്തിന് തടസ്സമായേക്കാമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ അല്‍ നസറിനെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമായേക്കില്ല. സൗദിയില്‍ വലിയ തുക പ്രതിഫലമായി ലഭിക്കാനുള്ള സാധ്യതകളും ഏറെയാണ്.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 30 മത്സരങ്ങള്‍ കളിച്ച കാസെമിറോ ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്

 

Content Highlight: Cristiano Ronaldo reportedly trying to bring Casemiro to Al Nasr