ക്രൊയേഷ്യന്‍ ഇതിഹാസം ലൂക്ക മോഡ്രിച്ച് അടുത്തിടെ തന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡ് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. റയലിന്റെ എക്കാലത്തേയും മികച്ച കളിക്കാരനായ ലൂക്ക കളത്തിലിറങ്ങുമ്പോള്‍ വലിയ വിടവാണ് ക്ലബ്ബിന് സഹിക്കേണ്ടി വരുക. 13 വര്‍ഷമാണ് ലൂക്ക റയലില്‍ കളിക്കുന്നത്.
ഇപ്പോള്‍ ലൂക്കയെക്കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രൗണ്ടില്‍ മോഡ്രിച്ചുമായി ഒരുപാട് നിമിഷങ്ങള്‍ പങ്കിടാന്‍ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്നാണ് റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.
‘എല്ലാത്തിനും നന്ദി ലൂക്ക! ക്ലബ്ബില്‍ നിങ്ങളുമായി നിരവധി നിമിഷങ്ങള്‍ പങ്കിടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഇനി വരാനിരിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഞാന്‍ വിജയം ആശംസിക്കുന്നു,’ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2012ല്‍ ബാഴ്‌സയ്‌ക്കെതിരായ മത്സരത്തിലാണ് ലൂക്ക റയലിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. റൊണാള്‍ഡോയും മോഡ്രിച്ചും റയല്‍ മാഡ്രിഡിനായി 222 മത്സരങ്ങളിലാണ് ഒരുമിച്ച് ബൂട്ട് കെട്ടിയിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് 16 സംയുക്ത ഗോളുകളും നേടിയിട്ടുണ്ട്.
റയലിനൊപ്പം മോഡ്രിച്ച് ആറ് ചാമ്പ്യന്‍സ് ലീഗുകളും നാല് ലാലിഗ കിരീടങ്ങളും ഉള്‍പ്പെടെ 28 ട്രോഫികളാണ് നേടിയത്. റയലിനായി 590 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകളും 95 അസിസ്റ്റുകളും ആണ് മോഡ്രിച്ച് നേടിയിട്ടുള്ളത്. ഈ സീസണില്‍ 55 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും ഒമ്പത് അസിസ്റ്റ് ഗോളുകളും താരം നേടി.
Content Highlight: Cristiano Ronaldo Praises Luka Modric