ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമാകാന്‍ റോണോ; വേണ്ടത് വെറും രണ്ട് ഗോള്‍ മാത്രം!
Sports News
ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമാകാന്‍ റോണോ; വേണ്ടത് വെറും രണ്ട് ഗോള്‍ മാത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd May 2025, 10:06 am

കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ ഖലീജിനെതിരെ അല്‍ നസര്‍ മിന്നും വിജയമാണ് നേടിയത്. അല്‍ അവ്വാല്‍ പാര്‍ക്കില്‍നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ വിജയിച്ചത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 75ാം മിനിട്ടില്‍ ജോണ്‍ ഡ്യൂരനാണ് അല്‍ നസറിന് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. മത്സരത്തിലെ അവസാന ഘട്ടത്തിലെ 97ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോയും ഗോള്‍ നേടിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. നിലവില്‍ 33 മത്സരങ്ങളില്‍ നിന്ന് 20 വിജയവും ഏഴ് സമനിലയും ആറ് തോല്‍വിയുമടക്കം 67 പോയിന്റ് നേടി നാലാം സ്ഥാനത്താണ് അല്‍ നസര്‍.

ഗോള്‍ നേടിയതോടെ ഒരു തര്‍പ്പന്‍ റെക്കോഡിനരികിലാണ് റോണോ. അല്‍ നസറിനായി ഇനി വെറും രണ്ട് ഗോളുകള്‍ മാത്രം നേടിയാല്‍ ടീമിന് വേണ്ടി 100 ഗോള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് റോണോയ്ക്കുള്ളത്. മാത്രമല്ല ഇതിന് പുറമെ മറ്റൊരു നേട്ടവും ഫുട്‌ബോള്‍ മാന്ത്രികനെ കാത്തിരിക്കുന്നത്.

ഫുട്ബോളിന്റെ ചരിത്രത്തില്‍ അഞ്ച് ടീമുകള്‍ക്ക് വേണ്ടി 100 ഗോള്‍ നേടുന്ന താരമായി മാറാനാണ് റൊണാള്‍ഡോക്ക് സാധിക്കുക. റയല്‍ മാഡ്രിഡ് (450), പോര്‍ച്ചുഗല്‍ (135), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (145), യുവന്റസ് (101) എന്നിങ്ങനെയാണ് റൊണാള്‍ഡോ നാല് ടീമുകള്‍ക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകള്‍. മുന്നിലുള്ള മത്സരത്തില്‍ വെറും രണ്ട് ഗോള്‍ സ്വന്തമാക്കി മിന്നും പ്രകടനം കാഴ്ചവെച്ചാല്‍ ഈ രണ്ട് റെക്കോഡും റോണോയ്ക്ക് സ്വന്തമാക്കാം.

അതേസമയം ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 935 ഗോളുകളാണ് താരം സ്വന്തമാക്കിയത്. കരിയറില്‍ 1000 ഗോള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് റോണോ നോട്ടമിടുന്നത്. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന ക്ലബ് ലോകകപ്പില്‍ താരം കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Cristiano Ronaldo Need Two Goals To Achieve A Great Record In Football History