ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ഇറ്റലി...സൗദിയും കാല്‍ചുവട്ടിലാക്കാന്‍ റൊണാള്‍ഡോ; വേണ്ടത് ഒറ്റ ജയം
Football
ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ഇറ്റലി...സൗദിയും കാല്‍ചുവട്ടിലാക്കാന്‍ റൊണാള്‍ഡോ; വേണ്ടത് ഒറ്റ ജയം
Sudev A
Tuesday, 12th May 2026, 1:47 pm

സൗദി പ്രൊ ലീഗിലെ ആവേശകരമായ മത്സരത്തില്‍ അല്‍ നസറും അല്‍ ഹിലാലുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഹിലാലിനെ വീഴ്ത്താനായാല്‍ അല്‍ നസറിന് ലീഗ് കിരീടം കൈപ്പിടിയിലാക്കാന്‍ സാധിക്കും.

സമീപ വര്‍ഷങ്ങളിലെല്ലാം കയ്യകലെ നഷ്ടമായ കിരീടത്തിന് അടുത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും. നിലവില്‍ സൗദി പ്രൊ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍.

ലീഗില്‍ ഈ സീസണില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് അല്‍ നസര്‍ തോല്‍വി നേരിട്ടത്. 32 മത്സരങ്ങളില്‍ നിന്നും 27 വിജയമാണ് അല്‍ നസര്‍ ഈ സീസണില്‍ നേടിയെടുത്തത്. ഒരു മത്സരം സമനിലയിലാവുകയും ചെയ്തു. 82 പോയിന്റോടെയാണ് അല്‍ നസര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാലിന് 77 പോയിന്റാണുള്ളത്. അല്‍ നസറുമായി അഞ്ച് പോയിന്റ് വ്യത്യാസമുള്ള അല്‍ ഹിലാലിനും കിരീട സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്.

ഇന്ന് അല്‍ ഹിലാലിനെ തകര്‍ത്ത് അല്‍ നസര്‍ കിരീടം ചൂടിയാല്‍ റൊണാള്‍ഡോക്ക് നാല് വ്യത്യസ്ത രാജ്യങ്ങളിലെ ലീഗ് ട്രോഫികള്‍ തന്റെ പേരിലാക്കി മാറ്റാന്‍ സാധിക്കും. ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടങ്ങളാണ് റൊണാള്‍ഡോ ഇതിന് മുമ്പ് വിജയിച്ചിട്ടുള്ളത്.

 

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 2006, 2007, 2008 എന്നീ സീസണുകളിലാണ് റൊണാള്‍ഡോ റെഡ് ഡെവിള്‍സിനൊപ്പം ഇംഗ്ലണ്ടില്‍ ചാമ്പ്യനായത്.

ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു റൊണാള്‍ഡോയുടെ മറ്റൊരു ലീഗ് കിരീട നേട്ടം. 2011, 2016 സീസണുകളിലായിരുന്നു റൊണാള്‍ഡോ ലീഗ് കിരീടം ലോസ് ബ്ലാങ്കോസിനൊപ്പം സ്വന്തമാക്കിയത്.

സീരി എയില്‍ യുവന്റസിനൊപ്പം രണ്ട് തവണയും റൊണാള്‍ഡോ ലീഗ് വിജയിച്ചു. 2018, 2019 സീസണിലായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ നേട്ടം. ഇപ്പോള്‍ സൗദിയിലും റൊണാള്‍ഡോ ഈ നേട്ടത്തിലെത്തുമെന്ന് തന്നെയാണ് ഫുട്ബാള്‍ ലോകം ഉറച്ചു വിശ്വസിക്കുന്നത്.

അല്‍ നസറിനൊപ്പം റൊണാള്‍ഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ നിന്നും 28 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.

റൊണാള്‍ഡോ തന്റെ ആകെ ഗോള്‍ നേട്ടം 970 ആക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 30 ഗോളുകള്‍ കൂടി നേടിയാല്‍ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്ക് നടന്നുകയറാന്‍ റൊണാള്‍ഡോക്ക് സാധിക്കും.

Content Highlight: Cristiano Ronaldo Need one win to become the champion of Saudi pro league

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.