2026 ഫിഫ ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങാനൊരുങ്ങുകയാണ് പോര്‍ച്ചുഗല്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഉസ്ബെകിസ്ഥാനാണ് പറങ്കിപ്പടയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോയോട് സമനില വഴങ്ങിയാണ് പോര്‍ച്ചുഗല്‍ എത്തുന്നത്.
അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ പോര്‍ച്ചുഗലിന് ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്. നിർണായക പോരാട്ടത്തിന് പോർച്ചുഗൽ ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കായിരിക്കും. ടൂര്‍ണമെന്റില്‍ തീര്‍ത്തും നിരാശാജനകമായ തുടക്കമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഗോള്‍ നേടാനും കളിക്കളത്തില്‍ വലിയ പ്രകടനങ്ങള്‍ നടത്താനും താരത്തിന് സാധിച്ചിരുന്നില്ല.
ഇന്നത്തെ മത്സരത്തില്‍ റോണോയുടെ ബൂട്ടുകളില്‍ നിന്നും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ റൊണാള്‍ഡോക്ക് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
ഇന്ന് ഗോള്‍ നേടാനായാല്‍ ആറ് ലോകകപ്പുകളില്‍ ഗോള്‍ അടിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോക്ക് സാധിക്കുക. 2006ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ഇതിഹാസം താന്‍ കളിച്ച അഞ്ച് എഡിഷനിലും ഗോള്‍ അടിച്ചിട്ടുണ്ട്.
2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളിലെല്ലാം കളത്തിലിറങ്ങിയ റൊണാള്‍ഡോ എല്ലാ ടൂര്‍ണമെന്റിലും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചിട്ടുണ്ട്. ആറാം ലോകകപ്പില്‍ കൂടി ഗോള്‍ നേടാന്‍ സാധിച്ചാല്‍ പുതിയ ചരിത്രവും റൊണാള്‍ഡോക്ക് സ്വന്തമാക്കാന്‍ സാധിക്കും.
റൊണാള്‍ഡോ ഇതുവരെ ലോകകപ്പുകളില്‍ 22 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്. അരങ്ങേറ്റ ലോകകപ്പായ 2006ല്‍ ഒരു ഗോള്‍ നേടിയാണ് റൊണാള്‍ഡോ ലോകകപ്പിലെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്.
പിന്നീട് കളിച്ച 2010, 2014 ലോകകപ്പുകളിലും റോണോ ഓരോ ഗോളുകള്‍ വീതം എതിരാളികളുടെ വലയിലെത്തിച്ചു. 2018ലാണ് പോര്‍ച്ചുഗീസ് ഇതിഹാസം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. നാല് തവണയാണ് റൊണാള്‍ഡോ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
2022ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിലും പോര്‍ച്ചുഗല്‍ നായകന്‍ ഒരു ഗോളടിച്ചു. ഈ ഗോള്‍നേട്ടം ഇത്തവണയും ആവര്‍ത്തിക്കാനാവുമോയെന്നാണ് ഫുട്ബാള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
Content Highlight: Cristiano Ronaldo need one goal to create a new history in world cup