2026 ലോക ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്.
48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരുടെ അവസാന ലോകകപ്പെന്ന പ്രത്യേകതയുമുണ്ട്.
തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം നേടി അവസാനിപ്പിക്കാനാവും റൊണാള്‍ഡോ ഇത്തവണ ലക്ഷ്യം വെക്കുക.
ഈ ലോകകപ്പില്‍ റൊണാള്‍ഡോ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ലോകകപ്പില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും റൊണാള്‍ഡോക്കുണ്ട്. 2026 ലോകകപ്പില്‍ ഒരു ഗോള്‍ നേടിയാല്‍ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി റൊണാള്‍ഡോ മാറും.
2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളിലെല്ലാം കളത്തിലിറങ്ങിയ റൊണാള്‍ഡോ എല്ലാ ടൂര്‍ണമെന്റിലും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചിട്ടുണ്ട്. ആറാം ലോകകപ്പില്‍ കൂടി ഗോള്‍ നേടാന്‍ സാധിച്ചാൽ പുതിയ ചരിത്രവും റൊണാള്‍ഡോക്ക് സ്വന്തമാക്കാന്‍ സാധിക്കും.
റൊണാള്‍ഡോ ഇതുവരെ അഞ്ച് ലോകകപ്പുകളില്‍ 22 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്. 2018ലാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. നാല് തവണയാണ് റൊണാള്‍ഡോ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
അതേസമയം റൊണാള്‍ഡൊക്കൊപ്പം മെസിയും അഞ്ച് ലോകകപ്പുകളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ മെസി എല്ലാ ലോകകപ്പുകളിലും ഗോള്‍ നേടിയിട്ടില്ല. 2010 ലോകകപ്പിലാണ് മെസി ഗോള്‍ നേടാത്തത്.
ലോകകപ്പില്‍ ഗ്രൂപ്പ് കെ.യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ.