2026 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗലും സ്‌പെയ്‌നും കളത്തിലിറങ്ങാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധ രാത്രി കഴിഞ്ഞ് 12.30നാണ് മത്സരം. ഡാലസ് സ്റ്റേഡിയത്തിലാണ് ഈ ആവേശകമരമായ മത്സരം നടക്കുന്നത്.
റൗണ്ട് ഓഫ് 32ല്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പറങ്കിപ്പട പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. മറുഭാഗത്ത് ഓസ്ട്രേലിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സ്പാനിഷ് പടയുടെ വരവ്.
ഈ നിര്‍ണായക മത്സരത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലായിരിക്കും. റൊണാള്‍ഡോ സ്‌പെയ്‌നിനെതിരെ കളത്തിലിറങ്ങുന്നത് മറ്റൊരു താരത്തിനും നേടാനാവാത്ത വമ്പന്‍ റെക്കോഡുമായാണ്. ലോകകപ്പില്‍ സ്പെയ്നിനെതിരെ ഹാട്രിക് നേടിയ ഏക താരമെന്ന നേട്ടത്തോടെയാണ് റൊണാള്‍ഡോയുടെ വരവ്.
2018 റഷ്യന്‍ ലോകകപ്പില്‍ സ്‌പെയ്‌നിനെതിരെയായിരുന്നു റൊണാള്‍ഡോ ഹാട്രിക് നേടി തിളങ്ങിയത്. ആരാധകര്‍ എന്നും ഓര്‍മിക്കപ്പടുന്ന ലോകകപ്പിലെ ഹാട്രിക്കുകളിലൊന്ന് റൊണാള്‍ഡോ സ്‌പെയ്‌നിനെതിരെ സ്വന്തമാക്കിയത്.
മത്സരം 3-3 എന്ന ത്രില്ലര്‍ സ്‌കോറിനായിരുന്നു അവസാനിച്ചത്. പറങ്കിപ്പടക്ക് വേണ്ടി മൂന്ന് ഗോളുകളും നേടി റൊണാള്‍ഡോ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന മത്സരമായി ഇത് മാറുകയായിരുന്നു.
റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ പിറന്നത് പെനാല്‍റ്റിയിലൂടെയായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടിയത്.
മനോഹരമായ ഒരു ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്. സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയക്ക് ഒരു അവസരവും നല്‍കാത്ത റൊണാള്‍ഡോ പന്ത് വലയില്‍ എത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ 88ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെ റൊണാള്‍ഡോ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. ഈ ഹാട്രിക് പിറന്നതിന് ശേഷമുള്ള രണ്ടാമത്തെ ലോകകപ്പാണിത്. റൊണാള്‍ഡോക്ക് ശേഷം സ്പാനിഷ് ഗോള്‍ വലയില്‍ ഹാട്രിക് നേട്ടം കൈവരിക്കാന്‍ മറ്റൊരു താരത്തിനും ഇതുവരെ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഈ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെകിസ്ഥാനെതിരെ ഇരട്ട ഗോള്‍ നേടി തിളങ്ങിയ റൊണാള്‍ഡോ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും സ്വന്തമാക്കി. ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ തരംകായും റൊണാള്‍ഡോ മാറിയിരുന്നു. 41 വയസും 147 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.
Content Highlight: Cristiano Ronaldo is the only player to score a hat-trick against Spain in the World Cup