2026 ഫിഫ ലോകകപ്പില്‍ ഉസ്ബക്കിസ്ഥാനെ വീഴ്ത്തി പോര്‍ച്ചുഗല്‍ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം. ആദ്യ മത്സരത്തില്‍ ഡി. ആര്‍ കോംഗോക്കെതിരെ സമനില വഴങ്ങിയ പോര്‍ച്ചുഗല്‍ ഉസ്ബക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചുവരികയായിരുന്നു.
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വമ്പന്‍ തിരിച്ചുവരവിന് കൂടിയാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. ഇരട്ട ഗോള്‍ നേടിയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 6, 39 എന്നീ മിനിറ്റുകളിലാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.
തുടക്കത്തില്‍ തന്നെ ജാവോ കാന്‍സലോ നല്‍കിയ പാസില്‍ നിന്നും റൊണാള്‍ഡോ അനായാസം ലക്ഷ്യം കാണുകയായിരുന്നു. 39ാം മിനിറ്റില്‍ ഉസ്ബക്കിസ്ഥാന്റെ പ്രതിരോധം പൊളിച്ചുകൊണ്ടുള്ള ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നുമാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ഒരു ചരിത്രനേട്ടവും പോര്‍ച്ചുഗീസ് ഇതിഹാസം സ്വന്തമാക്കി. ഒരു ലോകകപ്പില്‍ ഇരട്ട ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് റൊണാള്‍ഡോ മാറിയത്. 41 വയസും 138 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാള്‍ഡോയുടെ ഈ ചരിത്രനേട്ടം.
ഈ ലോകകപ്പില്‍ മിന്നും ഫോമില്‍ കളിക്കുന്ന അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് റൊണാള്‍ഡോ തകര്‍ത്തത്. 38 വയസും 363 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. കാമറൂണ്‍ ഇതിഹാസം റോജര്‍ മില്ല(38 വയസും 34 ദിവസവും ദിവസവും), മുന്‍ ഫ്രാന്‍സ് താരം ഒലിവര്‍ ജിറൂഡ്(36 വയസും 53 ദിവസവും) പ്രായമുള്ളപ്പോഴും ഈ നേട്ടം കൈവരിച്ചു.
ഇതിന് പുറമെ ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ഏക താരമെന്ന നേട്ടവും പോര്‍ച്ചുഗല്‍ നായകന്‍ സ്വന്തമാക്കി. താരം ഇതുവരെ കളിച്ച എല്ലാ എഡിഷനിലും എതിരാളികളുടെ വല കുലുക്കിയാണ് ഈ നേട്ടത്തിലെത്തിയത്.
അതേസമയം മത്സരത്തില്‍ റൊണാള്‍ഡോക്ക് പുറമെ ന്യൂനോ മെന്‍ഡസ് ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചപ്പോള്‍ റാഫേല്‍ ലിയോയും ലക്ഷ്യം കണ്ടു. അബ്ദുവോഹിദ് നിമാറ്റോവിന്റെ ഓണ്‍ ഗോളും പോര്‍ച്ചുഗലിന്റെ ഗോളുകളുടെ എണ്ണം ഉയര്‍ത്താന്‍ സഹായകമായി.
മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും എതിരാളികളുടെ മുകളില്‍ വലിയ ആധിപത്യം സ്ഥാപിച്ചാണ് റൊണാള്‍ഡോയും സംഘവും മുന്നേറിയത്. ജൂണ്‍ 28നാണ് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് പറങ്കിപ്പടയുടെ എതിരാളികള്‍.
Content Highlight: Cristiano Ronaldo break Lionel Messi record in world cup