പ്രായത്തെ മനക്കരുത്ത് കൊണ്ടും സമര്‍പ്പണം കൊണ്ടും തോല്‍പ്പിച്ച ഐബീരിയന്‍ പോരാളി. മദീരയുടെ രാജകുമാരന് ഇന്ന് 34-ാം പിറന്നാള്‍. ക്രിസ്റ്റിയാനോയ്ക്ക് ഏതുമണ്ണും സമമാണെന്ന ആരാധകരുടെ വാദത്തെ അര്‍ഥവത്താക്കുകയാണ് താരത്തിന്റെ പ്രകടനം. പന്തുതട്ടിയത് മുതല്‍ കളിച്ച എല്ലാ ലീഗിലും രാജാവായാണ് റൊണാള്‍ഡോ വാണത്. പോര്‍ച്ചുഗീസ് ലീഗിലും റൂണിയും ജെറാഡും ഓവനും അടങ്ങിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ക്രിസ്റ്റി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായാണ് റൊണാള്‍ഡോ വളരുന്നത്. വിഖ്യത പരിശീലകന് സര് അലക്സ് ഫെര്‍ഗൂസന്റെ കണ്ടെത്തലായിരുന്നു റൊണാള്‍ഡോ. ഫുട്ബോളിന്റെ നെറുകയിലേക്ക് റൊണാള്‍ഡോയെ വളര്‍ത്തിയതും ഫെര്‍ഗി തന്നെ. ഫെര്‍ഗിയുടെ കണ്ടെത്തലും ആഴ്സന്‍ വെങറിന്റെ നഷ്ടവുമായിരുന്നു മദീരയുടെ രാജകുമാരന്.

ചെകുത്താന്മാരുടെ സുവര്‍ണകാലഘട്ടത്തിലെ ഒഴിച്ചുകൂടാനാകാത്ത കൗമാരക്കാരനായിരുന്നു റൊണാള്‍ഡോ. ഗോള്‍ മെഷീനെന്നതിലുപരി മാഞ്ചസ്റ്ററില്‍ നല്ലൊരു പ്ലേമേക്കര്‍ കൂടിയായിരുന്നു റൊണാള്‍ഡോ. 2003-മുതല്‍ 2007 വരെയുള്ള കാലഘത്തില്‍ ഒള്‍ഡ് ട്രഫോഡിനായി പന്തുതട്ടിയ താരം ടീമിനായി ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗും നേടി. യുണൈറ്റഡ് ഇതിഹാസങ്ങള്‍ക്ക് മാത്രം നല്കുന്ന ഏഴാം നമ്പര്‍ ജഴ്സിയില്‍ 196 മത്സരങ്ങള്‍ റൊണാള്‍ഡോ കളിച്ചു. അതില്‍ 84 തവണയാണ് ഗോള്‍ നേടിയത്. വിങറായി യുണൈറ്റഡില്‍ മികവ് തെളിയിച്ച താരം യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം നേടുന്ന ആദ്യ വിങര്‍ കൂടിയാണ്. 2008ല്‍ ഒള്‍ഡ് ട്രഫോര്‍ഡിലേക്ക് ഫിഫ ക്ലബ് വേള്‍ഡ് കപ്പ് എത്തിച്ച റൊണാള്‍ഡോ ആ കൊല്ലത്തെ ബാലന് ഡി ഓര് പുരസ്കാരവും സ്വന്തമാക്കി. കരിയറിലെ ആദ്യ നേട്ടമായിരുന്നു അത്.

അന്ന് ആ പുരസ്കാരം നെഞ്ചേറ്റുവാങ്ങിയ താരം തലയുയര്‍ത്തി നിന്ന് സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചത് തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിട്ടാണ്. 40 കൊല്ലത്തിന് ശേഷം റൊണാള്‍ഡോയാണ് വീണ്ടും ഒള്‍ഡ് ട്രഫോര്‍ഡിലേക്ക് ബാലന് ഡി ഓര് എത്തിച്ചത്.
ഒള്‍ഡ് ട്രഫോര്‍ഡില്‍ നേട്ടങ്ങള്‍ ഓരോന്നോയി കീഴടക്കുമ്പോഴാണ് സ്പെയിനില്‍ നിന്ന് വിളി വരുന്നത്. സിനദിന്‍ സിദാനും റൊണാള്‍ഡോയും ഡേവിഡ് ബെക്കാമും മികവ് തെളിയിച്ച റയല്‍ മാഡ്രിഡ് മെസിക്ക് പകരം വെയ്ക്കാന്‍ സ്പെയിനിലേക്ക് വിളിച്ചു. 2009ലായിരുന്നു റയലിലേക്കുള്ള കൂടുമാറ്റം.മെസിക്കൊപ്പം കളിക്കുകയെന്നത് റൊണാള്‍ഡോയുടെ സ്വപ്നമായിരുന്നു. അങ്ങനെ 94 മില്യണിന്റെ റെക്കോര്‍ഡ് തുകയ്ക്ക് റൊണാള്‍ഡോ ബെര്ണബ്യുവിലെത്തി. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആവേശപൂര്‍വം താരത്തെ ക്ഷണിച്ചു. 80,000 മാഡ്രിഡിസ്റ്റകളാണ് റൊണാള്‍ഡോയെ കാണാന്‍ ബെര്‍ണബ്യുവില്‍ ഒത്തുകൂടിയത്. ഒരു കായിക താരത്തെ അവതരിപ്പിക്കുമ്പോള്‍ ഒത്തുകൂടന്ന ആരാധകരുടെ എണ്ണത്തിലെ റെക്കോര്‍ഡായിരുന്നു 80,000.

മാഞ്ചസ്റ്ററില്‍ കളിക്കാരനെന്ന നിലയില്‍ റൊണാള്‍ഡോ വളര്‍ന്നപ്പോള്‍ റയലില്‍ മികച്ചൊരു ഫിനിഷറായി റൊണോ മാറി. കരിയറിന്റെ മികച്ച ഫോമിലുള്ള മെസിക്ക് മറുപടി ആയിട്ടായിരുന്നു റൊണാള്‍ഡോ റയലില്‍ പന്തുതട്ടിയത്. മെസിയ്ക്കൊപ്പമെത്താനുള്ള ആവേശവും ഫുട്ബോളിനോടുള്ള സമര്‍പ്പണവും റൊണാള്‍ഡോയെ മെസിക്ക് ഒപ്പമെത്തിച്ചു.

292 മത്സരങ്ങളില്‍ മാഡ്രിഡിനായി ബൂട്ട് കെട്ടിയ താരം 311 തവണ എതിര്‍വല ചലിപ്പിച്ചു. മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച സ്കോറര്‍ കൂടിയാണ് താരം. റയലിനായി മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍, കോപ്പ ഡെല്‍റെ, ലീഗ് കിരീടം എന്നിവ റൊണാള്‍ഡോയുടെ മികവില്‍ മാഡ്രിഡ് ഉയര്‍ത്തി. മാഡ്രിഡ് കാലയളവിലാണ് മൂന്ന് ബാലന് ഡി ഓര് പുരസ്കാരങ്ങള്‍ താരം സ്വന്തമാക്കുന്നത്. മെസി അഞ്ച് ബാലന് ഡി ഓര് പുരസ്കാരം നേടുകയും റൊണാള്‍ഡോയ്ക്ക് വിമര്‍ശനം ഉയരുകയും ചെയ്തപ്പോള്‍ വിമര്‍ശകരുടെ വായടപ്പിച്ചാണ് 5 പുരസ്കാരനേട്ടവുമായി മെസിക്കൊപ്പം റോണോയുമെത്തിയത്.

2018ലാണ് റൊണാള്‍ഡോ റയല്‍ വിടുന്നത്. റയല്‍ വിടുന്ന ഏതുതാരത്തേയും പോലെ അര്‍ഹിച്ച വിടവാങ്ങലില്ലാതെ ബെര്‍ണബ്യുവിനോട് റൊണാള്‍ഡോ വിടചൊല്ലി. റൊണാള്‍ഡോയിലെ മികവിനെ ചൂഷണം ചെയ്യുക മാത്രമാണ് റയല്‍ ചെയ്തത്. റയലില്‍ നിന്ന് താരമെത്തിയത് യുവന്റസിലേക്കായിരുന്നു.

സ്പാനിഷ് ലീഗില്‍ നിന്ന് താരമെത്തിയത് സീരി എയിലേക്കാണ്. റൊണാള്‍ഡോ മികവില്‍ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കലായിരുന്നു യുവന്റസിന്റെ ലക്ഷ്യം. സീരി എയിലും മികച്ച പ്രകടനം താരം പുറത്തെടുത്തു. നിലവില്‍ ലീഗിലെ ടോപ്സ്കോററാണ് നിലവില്‍ റൊണാള്‍ഡോ. ഒള്‍ഡ് ട്രഫോര്ഡിലേയും ബെര്ണബ്യുവിലേയും മികവ് ഒള്‍ഡ് ലേഡിയിലും ആവര്‍ത്തിച്ച താരം സീരി എയിലേയും യുവന്റസിന്റേയും നിരവധി റെക്കോര്‍ഡുകള്‍ ഇതിനോടകം മറികടന്നു.
കേവലമൊരു ക്ലബ് താരമെന്ന് ഒഴിച്ചുനിര്‍ത്തേണ്ട ആളല്ല റൊണാള്‍ഡോ. ദേശീയ ടീമിനായും മികച്ച പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെയ്ക്കുന്നത്. ദേശീയ ടീമുകള്‍ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം കൂടിയാണ് റൊണാള്‍ഡോ.സാക്ഷാല്‍ ലയണല്‍ മെസി ഈ നേട്ടത്തില്‍ മൂന്നാമതാണ്.
പോര്‍ച്ചുഗലിന്റെ യൂത്ത് ടീമില്‍ നിന്നാണ് റൊണാള്‍ഡോയുടെ വളര്‍ച്ച. യൂത്ത് ടീമിലെ മികച്ച പ്രകടനം സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നു. ഇതിഹാസതാരം ഫിഗോയ്ക്ക് ശേഷം പോര്‍ച്ചുഗല്‍ കണ്ട മികച്ച താരമായിരുന്നു റൊണാള്‍ഡോ.

മികച്ച നിരയില്ലാത്ത ഒരു ആവറേജ് ടീമായിരുന്നു 2016 യൂറോകപ്പിലെ പോര്‍ച്ചുഗല്‍. പക്ഷെ പോര്‍ച്ചുഗീസ് കപ്പിത്താന് റോണോയുടെ മികവില്‍ ടീം കിരീടം സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിലുള്ള റൊണാള്‍ഡോയുടെ ലീഡര്‍ഷിപ്പിന്റെ മികവിന്റെ ഫലം കൂടിയാണ് പറങ്കിപ്പടയുടെ യൂറോ കിരീടം.
2018ല്‍ റഷ്യയിലേക്ക് പറങ്കികള്‍ പറക്കുമ്പോള്‍ പ്രതീക്ഷ മുഴുവന്‍ റൊണാള്‍ഡോയുടെ ചുമലില്‍ ആയിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ അത് നാം കണ്ടു. ഹാട്രിക്ക് മികവില്‍ സ്പാനിഷ് പടയെ തളച്ചത് റൊണാള്‍ഡോ എന്ന ഒറ്റ താരത്തിന്റെ മികവിലാണ്.

റോണോ എന്ന കളിക്കാരന്റെ ജീവിതം പറയാന്‍ ഇനിയുമേറെയുണ്ട്. കഠിനമായ പരിശീലനവും സ്വന്തം കുറവുകള്‍ തിരിച്ചറിഞ്ഞ് കൊണ്ട് മുന്നേറാനുള്ള ത്വരയും വാശിയുമാണ് റൊണാള്‍ഡോയെ സി.ആര്.സെവന് ആക്കിയത്. മെസിയുമായൊരു താരതമ്യം അനുചിതമാണ്. 21-ാം നൂറ്റാണ്ടില്‍ രണ്ട് രീതിയില്‍ മികവ് തെളിയിച്ച താരങ്ങളാണ് ഇരുവരും.

സ്വന്തം കരിയറിനെ സി.ആര്. സെവന് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് ആഗോളവിപണിയില്‍ വിജയിപ്പിച്ച ബിസിനസ് കാരന്, മനുഷ്യത്വമുള്ള കളിക്കാരന്, ഇതെല്ലാം ചേര്‍ന്നതാണ് 34ലേക്ക് കാലെടുത്ത് വെക്കുന്ന റൊണാള്‍ഡോ.

തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ഷൂ ലേലത്തില്‍ വെച്ച് ഗസ്സയുടെ പുനര്‍ നിര്‍മാണത്തിനും വിദ്യാഭ്യാസത്തിന് നല്കിയ മനുഷ്യന്. ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പറങ്കി. യൂറോകപ്പ് യോഗ്യതാ മത്സരത്തിനിടെ ഇസ്രയേലി താരത്തിന് കൈകൊടുക്കാന്‍ വിസമ്മതിച്ച രാഷ്ട്രീയക്കാരന്. ഇതെല്ലാം ചേര്‍ന്നുള്ള ഉത്തരം കൂടിയാണ് 1985 ഫെബ്രുവരി 5 ന് മദീരയില്‍ ജനിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
പലതവണ ഫുട്ബോള്‍ വേദികളില്‍ തന്റെ രാഷ്ട്രീയം റോണോ തുറന്ന് പറഞ്ഞിട്ടുണ്ട്. അധിനിവേശത്തിനെതിരെ പലകുറി ശബ്ദമുയര്‍ത്തി. അയാളിലെ വ്യക്തിത്വം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടെങ്കിലും കളിക്കാരനായും രാഷ്ട്രീയ ബോധമുള്ളവനായും തന്റെ സമകാലികരേക്കള് റൊണാള്‍ഡോ ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്.

അധിനിവേശത്തിന്റെ ചരിത്രമുള്ള നാട്ടില്‍ അധിനിവേശത്തിനെതിരെ സംസാരിക്കുന്ന റൊണാള്‍ഡോയുടെ ജീവിതം ഫുട്ബോളും രാഷ്ട്രീയവും എന്ന നിലയില്‍ എഴുതപ്പെടേണ്ട ഒന്നു തന്നെയാണ്.
സീരി എയില്‍ നാപ്പോളിയുടെ കൗലിബലിക്കെതിരെ ഇന്റര്‍ മിലാന് ആരാധകര്‍ വംശീയ അധിക്ഷേപം നടത്തിയപ്പോള്‍ വിമര്‍ശനവും കൗലബലിക്ക് പിന്തുണയുമായി ആദ്യമെത്തിയത് റൊണാള്‍ഡോയാണ്. അത് അദ്ദേഹത്തിന്റെ നിലപാടാണ്. മാഡ്രിഡില്‍ കളിക്കുന്ന സമയത്ത് ഓസില്‍ റൊണാള്‍ഡോയെ കുറിച്ച് പറഞ്ഞത് ഓര്‍ത്തഡോക്സ് കാത്തലിക് കുടുംബമായിട്ടും ഇസ്ലാമിനെ അംഗീകരിക്കാനും പഠിക്കാനും താല്പര്യവും സന്തോഷവും ഉള്ള വ്യക്തി ആയിരുന്നു എന്നാണ്.
ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ പലകുറി അദ്ദേഹം ശബ്ദ്മുയത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ കളിക്കുമ്പോള്‍ കഫിയ ധരിച്ച് രംഗത്ത് വന്നിരുന്നു. പടിഞ്ഞാറന്‍ മാധ്യമങ്ങളിലെ ഇസ്ലാമോഫോബിയയേയും സയണിസ്റ്റ് പ്രേമത്തേയും ചോദ്യം ചെയ്യലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏറ്റവും മികച്ച ബ്രാന്‍ഡായും കളിക്കാരനായും ലോകത്തിന്റെ നെറുകയില്‍ വിജയിച്ച് നില്‍ക്കുമ്പോഴും അവസരങ്ങളെ മുഴുവന്‍ രാഷ്ട്രീയം പറയാനുള്ള വേദിയാക്കി മാറ്റുന്നുണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അയാളെ സമകാലികരില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നതും അതുതന്നെയാണ്.
