റോണോയുടെ ആട്ടത്തില്‍ ഇതിഹാസങ്ങള്‍ വീണു; ചരിത്രം കുറിച്ച് പറങ്കിപ്പടയുടെ കപ്പിത്താന്‍
FIFA World Cup 2026
റോണോയുടെ ആട്ടത്തില്‍ ഇതിഹാസങ്ങള്‍ വീണു; ചരിത്രം കുറിച്ച് പറങ്കിപ്പടയുടെ കപ്പിത്താന്‍
ഫസീഹ പി.സി.
Friday, 3rd July 2026, 12:35 pm

2026 ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് പറങ്കിപ്പടയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്.

മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന് സമനില ഗോള്‍ സമ്മാനിച്ചത്. 68ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. പോര്‍ച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി പിഴവേതുമില്ലാതെ താരം വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും റോണോ തന്റെ പേരില്‍ എഴുതി. ഫിഫ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടമാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ തന്റെ പേരിലാക്കിയത്. 41 വയസും 147 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ നേട്ടം.

ഫ്രാന്‍സിന്റെ ഒലിവര്‍ ജിറോഡിനെയും അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെയും പിന്തള്ളിയാണ് റോണോയുടെ നേട്ടം. ജിറോഡ് 36ാം വയസിലും മെസി 35ാം വയസിലുമായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നോക്കൗട്ടില്‍ സ്വന്തമാക്കിയത്.

അതേസമയം, മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ ലീഡെടുത്തു. 53ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്. ഇവാന്‍ പെരിസിച്ചാണ് ഗോള്‍ സ്‌കോറര്‍.

15 മിനിട്ടുകള്‍ക്കകം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോള്‍ പിറന്നതോടെ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. ഒടുവില്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗല്‍ വിജയഗോള്‍ നേടി. 90+ 4ാം മിനിട്ടില്‍ ഗോണ്‍സാലോ റാമോസ് പന്ത് വലയിലെത്തിക്കുകയായിരുന്നു. റാഫേല്‍ ലിയോ നല്‍കിയ പാസ് ഒരു സുന്ദരമായ ഹെഡറിലൂടെയായിരുന്നു ഈ ഗോള്‍ നേട്ടം.

ഇതിനിടയില്‍ പോര്‍ച്ചുഗലും ക്രൊയേഷ്യയും ഓരോ ഗോള്‍ വീതം അടിച്ചിരുന്നുവെങ്കിലും അത് വാര്‍ പരിശോധനയിലൂടെ അസാധുവായി. ഒടുവില്‍ ഫൈനല്‍ വിസിലെത്തിയതോടെ പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കി.

Content Highlight:  Cristiano Ronaldo became oldest player ever to win Player of the Match in a World Cup knockout game

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.