അച്ഛനും മകനും ഇനി ഒരുമിച്ച് പന്തുതട്ടും; ഞെട്ടിക്കാനൊരുങ്ങി റൊണാള്‍ഡോയും റൊണാള്‍ഡോ ജൂനിയറും
Football
അച്ഛനും മകനും ഇനി ഒരുമിച്ച് പന്തുതട്ടും; ഞെട്ടിക്കാനൊരുങ്ങി റൊണാള്‍ഡോയും റൊണാള്‍ഡോ ജൂനിയറും
സുദേവ് എ
Wednesday, 22nd April 2026, 7:34 am

ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിക്കാനൊരുങ്ങി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോയും മകനായ റൊണാള്‍ഡോ ജൂനിയറും ഒരുമിച്ച് പന്തുതട്ടാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ചയാവുന്നത്. അടുത്ത സീസണില്‍ റൊണാള്‍ഡോ ജൂനിയറിനെ അല്‍ നസറിന്റെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ക്ലബ്ബ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറബ് പത്രമായ അല്‍ വിയാമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൊണാള്‍ഡോ ജൂനിയറിനെ ടീമിലെത്തിക്കാനുള്ള നീക്കം ഈ സീസണിന്റെ അവസാനത്തില്‍ മാത്രമേ തീരുമാനമാവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ടീമിന് വേണ്ടി താരത്തിന് എത്രത്തോളം സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് പരിശീലക സംഘം നിരീക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍ നസറിന്റെ ഈ നീക്കം നടക്കുകയാണെങ്കില്‍ അച്ഛനും മകനും ഒരു ടീമില്‍ ഒരുമിച്ച് പന്തുതട്ടുന്ന അപൂര്‍വമായ സംഭവത്തിന് കൂടി ഫുട്‌ബോള്‍ ലോകം സാക്ഷിയാകും. റൊണാള്‍ഡോക്ക് നിലവില്‍ അല്‍ നസറുമായി ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ട്. ഇതിന് ശേഷം റൊണാള്‍ഡോ സൗദി ക്ലബ്ബിനൊപ്പം കരാര്‍ പുതുക്കുമോയെന്നനും കണ്ടുതന്നെ അറിയണം.

അല്‍ നസറിന്റെ അണ്ടര്‍ 15 ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തുന്ന റൊണാള്‍ഡോ ജൂനിയര്‍ കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമിലും ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ ടീമിനൊപ്പം കിരീടം നേടാനും റൊണാള്‍ഡോ ജൂനിയര്‍ക്ക് സാധിച്ചിരുന്നു. വ്‌ലാറ്റ്‌കോ മാര്‍ക്കോവിച്ച് ടൂര്‍ണമെന്റിലാണ് പോര്‍ച്ചുഗല്‍ കിരീടം ചൂടിയത്. ഫൈനലില്‍ ക്രോയേഷ്യയെ 3-2 എന്ന ത്രില്ലര്‍ സ്‌കോറിന് വീഴ്ത്തിയാണ് പറങ്കിപ്പട ചാമ്പ്യന്മാരായത്. ഫൈനലില്‍ പോര്‍ച്ചുഗലിനായി ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ ജൂനിയര്‍ തിളങ്ങുകയും ചെയ്തിരുന്നു.

അതേസമയം റൊണാള്‍ഡോ അല്‍ നസറിനൊപ്പം പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഈ സീസണില്‍ കിരീടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ് റൊണാള്‍ഡോയും സംഘവും. സൗദി ലീഗില്‍ 29 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 25 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 76 പോയിന്റുമായാണ് അല്‍ നസര്‍ കുതിക്കുന്നത്. 68 പോയിന്റുമായി അല്‍ ഹിലാലാണ് രണ്ടാം സ്ഥാനത്തുള്ളത്.

Content Highlight: Cristiano Ronaldo and Ronaldo junior set to play together for al nassr

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.