തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി 7 മണിക്ക് ശേഷം 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിലവില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ ഇത്തരമൊരു വൈദ്യുതി നിയന്ത്രണം തിരികെ വരുന്നത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റ് മാത്രമായിരിക്കെ, ഉപഭോഗം 86.46 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു.
എല്‍നിനോ പ്രതിഭാസം കാരണം മഴ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായി. നിലവില്‍ കെ.എസ്.ഇ.ബി ഡാമുകളില്‍ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.
പവര്‍ എക്‌സ്‌ചേഞ്ച് വഴി കൂടുതല്‍ വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫും അറിയിച്ചിട്ടുണ്ട്.
എന്നിരുന്നാലും, വരും ദിവസങ്ങളില്‍ ആവശ്യമായ മഴ ലഭിച്ചില്ലെങ്കില്‍ അന്തരീക്ഷ സാഹചര്യങ്ങളും വര്‍ധിച്ചുവരുന്ന ആവശ്യകതയും പരിഗണിച്ച് നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കുന്നു.
Content Highlight: Crisis Worsens: Power Restrictions Continue in the State