അടൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പരാതിയില്‍ വ്യാപക പരിശോധനയുമായി ക്രൈം ബ്രാഞ്ച്. അടൂരില്‍ രാഹുല്‍ മാങ്കൂത്തിലുമായി ബന്ധമുള്ളവരുടെ വീടുകളിലടക്കം പരിശോധന നടത്തുന്നുണ്ട്. രാഹുലിന്റെ സുഹൃത്തിന്റെ ഫോണ്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു.
രണ്ട് ഭാഗമായി തിരിഞ്ഞാണ് ക്രൈം ബ്രാഞ്ചിന്റെ പരിശോധന. അടൂര്‍, ഏഴംകുളം ഭാഗത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പരാതിയില്‍ രാഹുല്‍ നിലവില്‍ പ്രതിയല്ല.
എന്നാല്‍ ഈ കേസിലെ പ്രധാന അഞ്ച് പ്രതികളും രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. രാഹുലിന്റെ സന്തത സഹചാരിയായ ഫെനി നൈനാനാണ് ഈ കേസിലെ ഒന്നാം പ്രതി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ വീടുകളില്‍ ഇപ്പോള്‍ പരിശോധന തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഈ കേസുമായി ബന്ധപ്പെട്ട് രാഹുലിലേക്ക് വിരല്‍ ചൂണ്ടുന്ന ചില ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. രാഹുലിന്റെ അടൂരിലെ വീട്ടിലേക്കും ക്രൈം ബ്രാഞ്ച് എത്താനുള്ള സാധ്യതകളുണ്ട്. ഫെനി നൈനാന്‍ അടക്കമുള്ള പ്രധാന പ്രതികളില്‍ അഞ്ച് പേരും അടൂരില്‍ നിന്ന് തന്നെ ഉള്ളവരാണ്.
അതേസമയം, റെയ്ഡില്‍ ഒരു ഫോണ്‍ ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇതിനൊപ്പം സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെതെന്ന പേരില്‍ വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മിച്ചു എന്നാതായിരുന്നു കേസ്. കേസില്‍ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.
രാഹുലിന്റെ ഐ ഫോണ്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പല തവണ ആവശ്യപ്പെട്ടിട്ടും പാസ് വേഡ് രാഹുല്‍ നല്‍കിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. നേരത്തെ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ രാഹുലിനെ കേസില്‍ പ്രതിചേര്‍ത്തിരുന്നില്ല.
സംഘടനാ തെരഞ്ഞെടുപ്പിനായി അടൂരില്‍ മാത്രം ഇത്തരത്തില്‍ 2000 വ്യാജ ഐ.ഡി കാര്‍ഡുകള്‍ നിര്‍മിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവ ഇപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാര്‍ഡ് നിര്‍മാണം. വികാസ് കൃഷ്ണയെന്ന എഡിറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ എം ജെ രഞ്ജുവിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്നത്.
Content Highlight: Crime Branch conducts extensive investigation into fake identity card complaint against Rahul Mamkoottathtil.