ഏറെ കാലത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനെത്തിയ വിരാട് കോഹ്‌ലി ദല്‍ഹിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ച്വറി നേടിയായിരുന്നു താരം വരവറിയിച്ചതും വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയതും. ഇതിന് പിന്നാലെ കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ താരത്തെ പ്രശംസിച്ചിരുന്നു.
വിരാട് മികച്ച ഫോമിലാണെന്നും താരത്തിന്റെ ബാറ്റിങ് മികവ് ദല്‍ഹിയെ വിജയത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായി അദ്ദേഹം തുടരുകയാണെന്നും ലോകകപ്പിനായി വിരാട് പൂര്‍ണമായും തയ്യാറാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹം മികച്ച ഫോമിലാണ്. അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ദല്‍ഹിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയെങ്കിലും, അദ്ദേഹം അസാധാരണമായ പ്രകടനം കാഴ്ചവച്ചു. ഇന്ത്യന്‍ ടീമിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായി അദ്ദേഹം തുടരുന്നു, ലോകകപ്പിനായി പൂര്‍ണമായും തയ്യാറാണ്,’ രാജ്കുമാര്‍ ശര്‍മ എ.എന്‍.ഐയോട് പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരായ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ മികവില്‍ ദല്‍ഹി നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 101 പന്തില്‍ 131 റണ്‍സാണ് താരം സ്വന്തമാക്കിയത്. 12 ഫോറുകളും മൂന്ന് സിക്സറുകളുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍.
മാത്രമല്ല ഇതിന് പിന്നാലെ ലിസ്റ്റ് എയില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്‍സ് തികയ്ക്കുന്ന ബാറ്ററായി മാറാനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനാണ് താരത്തിന് സാധിച്ചത്. 330 ഇന്നിങ്സുകളില്‍ നിന്നാണ് വിരാട് ഈ നാഴികക്കല്ല് പിന്നിട്ടത്. സച്ചിന്‍ 391 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
അന്താരാഷ്ട്ര ഏകദിനത്തില്‍ 296 ഇന്നിങ്സില്‍ നിന്നും 14,557 റണ്‍സ് നേടിയ വിരാട് ലിസ്റ്റ് എ-യില്‍ 330 ഇന്നിങ്സില്‍ നിന്നും നിലവില്‍ 16,130 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 57.60 ശരാശരിയില്‍ ബാറ്റ് വീശുന്ന വിരാട് 58 സെഞ്ച്വറിയും 84 അര്‍ധ സെഞ്ച്വറിയും ലിസ്റ്റ് എ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതേസമയം വിജയ് ഹസാരെയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ഗുജറാത്തിനെ നേരിടും. ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് മത്സരം.