തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്രിക്കറ്റ് കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം. (40)ന് കോടതി കഠിന ശിക്ഷ വിധിച്ചു.
പ്രതിക്കെതിരെയുള്ള മൂന്നാമത്തെ കേസിലാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള 47 വര്‍ഷം കഠിന തടവും 79,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ആദ്യ രണ്ട് കേസുകളിലെ ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ഇതുമൂലം പ്രതിക്ക് നീണ്ട കാലം ജയിലില്‍ കഴിയേണ്ടി വരും.
2018ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അതിജീവിത തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ പരിശീലനത്തിനായി എത്തിയത്. പരിശീലനത്തിനെന്ന വ്യാജേന കുട്ടിയെ നെറ്റ്‌സിലും ജിമ്മിലും ശുചിമുറികളിലും കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
കൂടാതെ, കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും പ്രതി പകര്‍ത്തിയിരുന്നു. കുട്ടിയുടെ വീട്ടിലെ നെറ്റ്‌സില്‍ വെച്ചും പീഡനം നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പീഡനവിവരം പുറത്തുപറയാന്‍ ഭയപ്പെട്ടു. ഇതിനെത്തുടര്‍ന്ന് 2021ല്‍ കുട്ടി മറ്റൊരു സ്ഥലത്തേക്ക് കോച്ചിങ്ങിനായി മാറി.
2024 മാര്‍ച്ച് 28-ന് തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ അതിജീവിത വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ വീണ്ടും കണ്ടു. ഇതോടെ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട ക്രൂരത പുറംലോകമറിഞ്ഞത്.
ഈ കുട്ടിയുടെ ധൈര്യം കണ്ടാണ് മറ്റ് കുട്ടികളും പരാതിയുമായി മുന്നോട്ട് വന്നത്
പ്രതിക്കെതിരെ ആകെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂര്‍ത്തിയായി. മൂന്ന് കേസുകളില്‍ ശിക്ഷ വിധിച്ചു കഴിഞ്ഞു.
പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നാലാമത്തെ കേസില്‍ തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും.
പ്രാസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകരായ സുരഭി പി., രവിശങ്കര്‍ തമ്പി എച്ച്. എന്നിവര്‍ ഹാജരായി.
കന്റോണ്‍മെന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ എസ്., പ്രജീഷ് ശശി, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.
Content highlight: Cricket coach gets 47 years in prison for third rape case, verdict in fourth case on Monday