തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ബീഹാറില്‍ ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കുന്നതില്‍ തെരഞ്ഞടുപ്പുകമ്മീഷന്‍ പരാജയപ്പെട്ടതിനെ അപലപിച്ച് സംസാരിക്കുകയായിരുന്നു ഡി. രാജ. ഇന്ന് (ബുധനാഴ്ച്ച) ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഡി. രാജയുടെ പരാമര്‍ശം.
‘ബീഹാറിലെ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടവകാശം ഉറപ്പാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടു. ഏത് സംസ്ഥാനത്തും ഇത് സംഭവിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. അത് ഒരു നിഷ്പക്ഷ സ്ഥാപനമായി പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ അത് പരാജയപ്പെട്ടു,’ ഡി. രാജ പറഞ്ഞു.
ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ഗുരുതരമായ ഭീഷണി നേരിടുന്നുവെന്നും ഇന്ത്യയെ ഒരു ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നുവെന്നും രാജ കൂട്ടിച്ചേര്‍ത്തു.
‘വലതുപക്ഷ ശക്തികള്‍ അധികാരം പിടിച്ചെടുത്തു. ആര്‍.എസ്.എസ് ഒരു ഫാസിസ്റ്റ് ശക്തിയാണ്. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമാണ് ബി.ജെ.പി. ഇന്ത്യയെ ഒരു ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റാന്‍ അവര്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രത്തിന്റെ സ്വഭാവം മാറ്റാനും അതിനെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനും അവര്‍ പ്രവര്‍ത്തിക്കുന്നു,’ സി.പി.ഐ നേതാവ് പറഞ്ഞു.
മാത്രമല്ല ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ വിമര്‍ശിച്ചും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് സംസാരിച്ചു. മാത്രമല്ല ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാനും പരാജയപ്പെടുത്താനും എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്നും ഡി. രാജ പറഞ്ഞു.
‘ഇന്ത്യയെ ഒരു ബഹു സാംസ്‌കാരിക, ബഹുഭാഷാ രാജ്യമായി ആര്‍.എസ്.എസും ബി.ജെ.പിയും അംഗീകരിക്കുന്നില്ല. ഇന്ത്യയെ ഒരു ഏക രാജ്യമാക്കി മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ ഒരു ബഹുമുഖ ജനാധിപത്യമാണ്, പക്ഷേ അവര്‍ ഇത് മാറ്റാനും എല്ലാ ജനാധിപത്യ ഘടനകളെയും തകര്‍ക്കാനും ആഗ്രഹിക്കുന്നു. മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിനെതിരെ പോരാടാനും പരാജയപ്പെടുത്താനും എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒന്നിക്കണം,’ അദ്ദേഹം പറഞ്ഞു.