ഗസയില്‍ ഇസ്രഈല്‍ മാധ്യമ കൂട്ടക്കൊല തുടരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ പട്ടിക തിരുത്താന്‍ സി.പി.ജെ; പക്ഷപാതപരമായ നീക്കമെന്ന് ആരോപണം
World News
ഗസയില്‍ ഇസ്രഈല്‍ മാധ്യമ കൂട്ടക്കൊല തുടരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ പട്ടിക തിരുത്താന്‍ സി.പി.ജെ; പക്ഷപാതപരമായ നീക്കമെന്ന് ആരോപണം
ആദര്‍ശ് എം.കെ.
Monday, 29th June 2026, 8:57 pm

ജെറുസലേം: ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനി മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുനഃപരിശോധിക്കാനുള്ള കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ തീരുമാനം അന്താരാഷ്ട്രതലത്തില്‍ വിവാദത്തിൽ.

2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രഈല്‍ ആക്രമണത്തിലും തടങ്കലിലുമായി 209 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട്, ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ മാധ്യമ കൂട്ടക്കൊലയ്ക്ക് ഗസ സാക്ഷ്യം വഹിക്കുമ്പോഴാണ്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സംഘടനയുടെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ ചിലര്‍ ഹമാസ് പോലുള്ള സംഘടനകളിലെ ‘പോരാളികള്‍’ ആയിരുന്നുവെന്ന് ആരോപിച്ചാണ് സി.പി.ജെ ഡാറ്റാബേസ് പരിശോധിക്കുന്നത്. എന്നാല്‍, ഇസ്രഈലിനെ സംരക്ഷിക്കാനും ഫലസ്തീനി റിപ്പോര്‍ട്ടര്‍മാരെ മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കാനുമുള്ള രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഭാഗമാണിതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.

കൊല്ലപ്പെട്ടവരില്‍ ചിലരെ ഹമാസ് തങ്ങളുടെ ‘പോരാളികള്‍’ (combatants) എന്ന് വിശേഷിപ്പിച്ചു എന്നാരോപിച്ചാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.പി.ജെ തങ്ങളുടെ ഔദ്യോഗിക ഡാറ്റാബേസ് പുനപരിശോധിക്കുന്നത്. 2023 ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണങ്ങളിലും തടങ്കലിലുമായി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം നിലവില്‍ 209 ആണ്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ അവരുടെ തൊഴില്‍പരമായ ബന്ധങ്ങളുടെ പേരില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള പക്ഷപാതപരമായ നീക്കമാണ് സംഘടന നടത്തുന്നതെന്നാണ് ഉയരുന്ന വിമർശനം.

മാധ്യമപ്രവര്‍ത്തകര്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന് സി.പി.ജെ ചീഫ് എക്‌സിക്യൂട്ടീവ് ജോഡി ഗിന്‍സ്‌ബെര്‍ഗ് വ്യക്തമാക്കി.

എന്നാല്‍, ഗവണ്‍മെന്റ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലെ ഫലസ്തീനി, ലെബനീസ് മാധ്യമപ്രവര്‍ത്തകരെ മാത്രം ലക്ഷ്യം വെച്ച് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് പ്രമുഖ എഴുത്തുകാരന്‍ മുഹമ്മദ് അല്‍ കുര്‍ദ് ആരോപിച്ചു.

ഇസ്രഈലി, അമേരിക്കന്‍, ഉക്രേനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ സമാനമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ അവരെ മാധ്യമപ്രവര്‍ത്തകരായി അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് നിഷ്പക്ഷതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങളില്‍ പ്രകടമായ വിവേചനമാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ദ ഫ്രീ ബീക്കണ്‍’ പോലുള്ള വലതുപക്ഷ സയണിസ്റ്റ് മാധ്യമങ്ങളെ പ്രീണിപ്പിക്കാനാണ് സി.പി.ജെ ഈ വേട്ട നടത്തുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.

ബ്രൗണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച്, ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, വിയറ്റ്നാം യുദ്ധം, അഫ്ഗാനിസ്ഥാന്‍ യുദ്ധം എന്നിവയിലെല്ലാം കൂടി കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ഗസയില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്.

ഗസയിലെ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തുന്നതില്‍ ഇസ്രഈലിന് വ്യക്തമായ പങ്കുണ്ടെന്നും, അന്വേഷണങ്ങളെ തടസപ്പെടുത്താനും ഒടുവില്‍ കുറ്റം മാധ്യമപ്രവര്‍ത്തകരുടെ മേല്‍ തന്നെ ചാര്‍ത്താനുമാണ് അവർ ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന രാജ്യങ്ങളുടെ പട്ടികയായ ‘ഗ്ലോബല്‍ ഇംപ്യൂണിറ്റി ഇന്‍ഡക്‌സ്’ പ്രസിദ്ധീകരിക്കുന്നത് സി.പി.ജെ നിര്‍ത്തിവെച്ചിരുന്നു. ഈ പട്ടിക പുറത്തുവിട്ടാല്‍ ഇസ്രഈല്‍ ഒന്നാം സ്ഥാനത്ത് വരുമെന്ന ഭയം കൊണ്ടാണ് ഇത് പൂഴ്ത്തിയതെന്ന് സംഘടനയിലെ ചില ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണം നിഷേധിച്ച സി.പി.ജെ, തങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഇന്‍ഡക്‌സ് നിര്‍ത്തിയതെന്നാണ് വിശദീകരിക്കുന്നത്.

 

Content Highlight:  CPJ to revise list of killed as Israel continues media massacre in Gaza; accused of biased move

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.