സി.പി.ഐ.എം തിരുത്തുന്നത് ഇ.എം.എസിന്റെ നിലപാട്; വര്‍ഗീസ് വിഷയത്തില്‍ സി.പി.ഐ.എം നിലപാട് വിശദീകരിക്കണമെന്ന് സി.പി.ഐ.എം.എല്‍ റെഡ് ഫ്‌ളാഗ്
Kerala
സി.പി.ഐ.എം തിരുത്തുന്നത് ഇ.എം.എസിന്റെ നിലപാട്; വര്‍ഗീസ് വിഷയത്തില്‍ സി.പി.ഐ.എം നിലപാട് വിശദീകരിക്കണമെന്ന് സി.പി.ഐ.എം.എല്‍ റെഡ് ഫ്‌ളാഗ്
ന്യൂസ് ഡെസ്‌ക്
Friday, 24th March 2017, 6:49 pm

 

കോഴിക്കോട്: നക്‌സലൈറ്റ് നേതാവ് എ. വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സി.പി.ഐ.എം.എല്‍ റെഡ് ഫ്‌ളാഗ് പ്രക്ഷോഭത്തിലേക്ക്. വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി ചിത്രീകരിച്ച് ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട വ്യക്തിയാണെന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ചരിത്രത്തെ നിഷേധിക്കുകയാണെന്ന് സി.പി.ഐ.എം.എല്‍ റെഡ് ഫ്‌ളാഗ് പറഞ്ഞു.


Also read വോട്ടിംങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സുപ്രീംകോടതിയും; വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് 


വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും 2016 ജൂണില്‍ ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെതിരെയാണ് റെഡ് ഫ്‌ളാഗ് രംത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ സി.പി.ഐ.ഐം നിലപാട് വ്യക്തമാക്കണമെന്നും സത്യവ്ങാമൂലം തിരുത്തണമെന്നും സി. പി. ഐ. എം. എല്‍. റെഡ്ഫ്ളാഗ് സംസ്ഥാന സെക്രട്ടറി പി. സി. ഉണ്ണിച്ചെക്കന്‍ ആവശ്യപ്പെട്ടു.

കേരളത്തെ സൃഷ്ടിച്ച നൂറുപേരില്‍ ഒരാള്‍ എന്ന നിലയില്‍ അടിയോരുടെ പെരുമനായാണ് വര്‍ഗീസിനെ വിലയിരുത്തുന്നതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലം സി.പി.ഐ.എമ്മിന്റെ ചരിത്രത്തിനു തന്നെ വിരുദ്ധമാണെന്നും ഉണ്ണിച്ചെക്കന്‍ പറഞ്ഞു.

വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ നിയമസഭയില്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ഇ.എം.എസ് ആ പ്രസ്താവനയെ ശക്തമായി എതിര്‍ത്തിരുന്നതാണെന്നും പാടിക്കുന്ന് രക്തസാക്ഷികളുടെ കഥ വിവരിച്ച് കൊണ്ടാണ് ഇ.എം.എസ് സി.എച്ചിനെ ഖണ്ഡിച്ചിരുന്നതെന്നും ഉണ്ണിച്ചെക്കന്‍ ചൂണ്ടിക്കാട്ടി.

കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ പിടിച്ച് കൊണ്ടു പോയി വെടിവെച്ച് കൊന്നിട്ട് ഏറ്റുമുട്ടലില്‍ മരിച്ചുവെന്നാണ് പാടിക്കുന്ന് രക്തസാക്ഷികളെക്കുറിച്ച സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നായിരുന്നു അന്ന് ഇ.എം.എസ് നിയമസഭയില്‍ പറഞ്ഞത്. പണ്ടുതൊട്ടേ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ പൊലീസ് എഫ്.ഐ.ആറില്‍ കൊള്ളക്കാരനെന്നും കൊലപാതകിയെന്നുമാണ് രേഖപ്പെടുത്തുകയെന്നും പിന്നീടത് കമ്മ്യൂണിസ്റ്റിന് പകരം നക്‌സലൈറ്റ് എന്നായി മാറിയെന്നും ഉണ്ണിച്ചെക്കന്‍ ആരോപിച്ചു. പഴയ സര്‍ക്കാരിന്റെ ചരിത്രം ആവര്‍ത്തിക്കുന്നത് ഭൂഷണമാണോയെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.