ചെന്നൈ: ബി.ജെ.പി വിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച കെ. അണ്ണാമലൈയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐഎം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം. അണ്ണാമലൈയുടേത് ബി.ജെ.പിയുടെ പുതിയ തന്ത്രം മാത്രമാണെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം കെട്ടുന്നത് ‘മാരീച വേഷം’ (Mareecha Maan Vedam) ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തമിഴ്‌നാട് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് ‘ഇത് നമ്മ ഇയക്കം’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
‘പേര് മാറ്റം എന്നത് തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ പുതിയ തന്ത്രമാണ്. ആര്‍.എസ്.എസ് ഇതിനകം തന്നെ 2,500 സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അണ്ണാമലൈ തുടങ്ങുന്നത് 2,501ാമത്തെ സംഘടനയാണ്, അത്രമാത്രം,’ അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.
‘ബി.ജെ.പി എന്ന പാര്‍ട്ടിക്ക് തമിഴ്നാട് ജനതക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പേര് മാറ്റി ബിസിനസ് വിജയിപ്പിക്കാനാകുമോ എന്നതിനാണ് മോദി-അമിത് ഷാ എന്നിവരുടെ അനുഗ്രഹത്തോടെ അണ്ണാമലൈ ശ്രമിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്ഥാനം ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ 2.5 ലക്ഷം പേര്‍ ചേര്‍ന്നുവെന്ന അവകാശവാദം ബി.ജെ.പി പ്രവര്‍ത്തകരെ ഇതിലേക്ക് മാറ്റുന്നത് കൊണ്ടാണ്. അണ്ണാമലൈ കെട്ടുന്നത് മാരീച വേഷമാണെന്ന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി രൂക്ഷവിമര്‍ശനം ഉയര്‍ത്തി.
ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട കത്ത് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് നല്‍കാന്‍ ദല്‍ഹിയില്‍ പോയി തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അണ്ണാമലൈയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം.
‘പുതിയൊരു പാത, പുതിയൊരു പ്രസ്ഥാനം, പുതിയൊരു കാഴ്ചപ്പാട് എന്നിവയോടെ ആരംഭിക്കണമെന്നത് എന്റെ ആഗ്രഹമാണ്. തമിഴ്നാട്ടില്‍ അടുത്തതായി നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ നമ്മുടെ പാര്‍ട്ടി മത്സരിക്കും; അതില്‍ ഒരു മാറ്റവുമില്ല,’ എന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞത്.
Content Highlight: CPIM Tamil Nadu state secretary P Shanmugam slams K Annamalai