മഹാരാഷ്ട്രയിലെ ദളിത് ബന്ദിന് പിന്തുണയുമായി സി.പി.ഐ.എം
Maharashtra Dalit protests
മഹാരാഷ്ട്രയിലെ ദളിത് ബന്ദിന് പിന്തുണയുമായി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2018, 11:12 pm

മുംബൈ: പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭാരിപ ബഹുജന്‍ മഹാസംഗ് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദിന് പിന്തുണയുമായി സി.പി.ഐ.എമ്മും. സംസ്ഥാനത്തെ എല്ലാ ജനാധിപത്യ മതേതര ശക്തികളും സമരത്തെ പിന്തുണയ്ക്കണമെന്ന് സി.പി.ഐ.എം ആഹ്വാനം ചെയ്തു. ദളിതര്‍ക്കെതിരായ ആക്രമണം കൈകാര്യം ചെയ്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ ബന്ദിന് പിന്തുണ നല്‍കുന്നതിലൂടെ അപലപിക്കുന്നതായും സി.പി.ഐ.എം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മഹാരാഷ്ട്ര ബന്ദിന് മഹാരാഷ്ട്ര ഡെമോക്രാറ്റിക് ഫ്രണ്ട്, മഹാരാഷ്ട്ര ലെഫ്റ്റ് ഫ്രണ്ട് എന്നിവയ്ക്ക് പുറമെ 250ഓളം സംഘടനകളുടെ പിന്തുണയുള്ളതായി പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞിരുന്നു.

ദളിതുകള്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഹിന്ദു ഏകതാ അഗാദി എന്ന സംഘടനയാണെന്നും ദളിത് മറാത്ത സംഘര്‍ഷമല്ലെന്നും പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത് സംഭാജി ബ്രിഗേഡ് എന്ന മറാത്ത സംഘടനയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Image result for prakash ambedkar

പ്രകാശ് അംബേദ്ക്കര്‍

 

അക്രമസംഭവത്തില്‍ ഫദ്‌നാവിസ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിറ്റിങ് ജഡ്ജ് അന്വേഷണം പോരെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രകാശ് അംബേദ്ക്കര്‍ ആവശ്യപ്പെട്ടു.

ദളിത് പ്രതിഷേധത്തെ പിന്തുണച്ച് രാഹുല്‍ഗാന്ധിയും രംഗത്ത് വന്നിരുന്നു. രാജ്യത്ത് ദളിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന് കാരണം ബി.ജെ.പിയുടെ ഫാസിസ്റ്റ് കാഴ്ചപാടാണെന്നും ഉനയും രോഹിത് വെമുല സംഭവവും ഇപ്പോള്‍ നടക്കുന്ന ഭീമ കൊറേഗാവ് പ്രക്ഷോഭവുമെല്ലാം ദളിത് ചെറുത്ത് നില്‍പ്പിന്റെ അടയാളങ്ങളാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.