തിരുവനന്തപുരം: കേരളത്തെ വർഗീയവത്കരിച്ച് ഇടതുപക്ഷ മനസിനെ ദുർബലപ്പെടുത്തുന്ന നീക്കത്തിനെതിരെ പ്രചാരണം നടത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ.
ജനുവരി 30ന് വർഗീയതയ്ക്കെതിരെയും ഗാന്ധിജിയുടെ രാഷ്ട്രീയത്തെയും ഓർമ്മിപ്പിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളിൽ വലിയ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും.
വിവിധ ബഹുജന സംഘടനകൾ ആലോചിച്ചിട്ടുള്ള ഈ പരിപാടിക്ക് സി.പി.ഐ.എം പിന്തുണ നൽകുമെന്നും വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും ഇതിൽ അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗാന്ധിയെയും ഗോഡ്സെയെയും, വർഗീയതയെയും മതവിശ്വാസത്തെയും വേർതിരിച്ച് മനസിലാക്കാൻ ഉതകുന്ന രീതിയിലുള്ള പ്രചാരണം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയതയും മതവിശ്വാസവും രണ്ടാണെന്നും വർഗീയവാദികൾ യഥാർത്ഥത്തിൽ വിശ്വാസികളല്ലെന്നും വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നതാണെന്നും എം.വിഗോവിന്ദൻ വ്യക്തമാക്കി.
വിശ്വാസികളെ ചേർത്തുകൊണ്ടുവേണം വർഗീയവാദികൾക്കെതിരെ പോരാടാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാത്തെ ഇസ്‌ലാമിക്കെതിരെയും എം.വി ഗോവിന്ദൻ പ്രതികരിച്ചു. ജമാത്തെ ഇസ്‌ലാമിയും ആർ.എസ്.എസും വിഷമാണെന്നും കോൺഗ്രസും ലീഗും അവരുമായി കൂട്ടുകൂടാൻ മടിയില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ ആശയത്തെ പിൻപറ്റി വർഗീയ ദ്രുവീകരണത്തിനുതകുന്ന നിലപാടാണ് യു.ഡി.എഫും കോൺഗ്രസും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്‌ലാമി പോലുള്ള മതമൗലികവാദ ശക്തികളുമായി കോൺഗ്രസും ലീഗും ഉൾപ്പെടുന്ന യു.ഡി.എഫ് കൈകോർക്കുകയാണെന്ന്
എം.വി ഗോവിന്ദൻ ആരോപിച്ചു.
മുൻപ് യു.ഡി.എഫ് സർക്കാർ തന്നെ ഇവരുടെ ഭരണഘടനാ വിരുദ്ധ നിലപാടുകളെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിലെ ഇടതുപക്ഷ മനസ്സിനെ ദുർബലപ്പെടുത്താൻ വർഗീയ ശക്തികളോട് യുഡിഎഫ് സന്ധി ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജമാഅത്തെ ഇസ്‌ലാമിക്ക് വലിയ സ്വാധീനമില്ലെങ്കിലും അവരുടെ ആശയങ്ങളെ യു.ഡി.എഫ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിലെ തന്ത്രി കണ്ഠരര് രാജീവിനെ അറസ്റ്റ് ചെയ്ത എസ്.ഐ.ടിയുടെ നടപടിയിലും ഇതുവരെയുള്ള അന്വേഷണത്തിലും ഒരു സംശയവുമില്ലെന്നും കുറ്റവാളികളായ ഒരാളെയും സംരക്ഷിക്കുന്ന നിലപാടുകൾ പാർട്ടി സ്വീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അയ്യപ്പൻറെ ഒരു തരി സ്വർണവും നഷ്ടപ്പെടാൻ പാടില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ആവർത്തിച്ചു.
Content Highlight: CPIM prepares for a popular movement against communalism