'കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ആക്ടിവിസ്റ്റുകളുടേത്'; കടകംപള്ളിയുടെ 'ആക്ടിവിസ്റ്റ്' പരാമര്‍ശം തള്ളി സി.പി.ഐ.എം പി.ബി
Sabarimala women entry
'കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ആക്ടിവിസ്റ്റുകളുടേത്'; കടകംപള്ളിയുടെ 'ആക്ടിവിസ്റ്റ്' പരാമര്‍ശം തള്ളി സി.പി.ഐ.എം പി.ബി
ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 5:26 pm

ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ‘ആക്ടിവിസ്റ്റ്’ പരാമര്‍ശം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. പ്രസ്താവന അനാവശ്യമായിരുന്നെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ആക്ടിവിസ്റ്റുകളുടേതാണെന്നും പി.ബി നിരീക്ഷിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘ആക്ടിവിസ്റ്റുകള്‍ക്കു കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല’ എന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇന്ന് പി.ബി രംഗത്തെത്തിയത്. യുവതീപ്രവേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതാകണം പാര്‍ട്ടി നയമെന്നും ദല്‍ഹിയില്‍ ചേര്‍ന്ന പി.ബി യോഗം വ്യക്തമാക്കി.

കഴിഞ്ഞ ഒരുവര്‍ഷം തുടരുന്ന നയം ശബരിമലയില്‍ തുടരണമെന്നും ആരെയും ബലം പ്രയോഗിച്ച് ശബരിമല കയറ്റില്ലെന്നും പി.ബി വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കടകംപള്ളിയുടെ വിവാദ പ്രസ്താവന ഇങ്ങനെ- ‘പൊലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകില്ല. സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍ പോലും രണ്ടുതട്ടിലാണു പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരു കൂട്ടര്‍. അതല്ല ആ വിധി നിലനില്‍ക്കുന്നുവെന്നു മറ്റൊരു കൂട്ടര്‍.

സ്വാഭാവികമായും സുപ്രീം കോടതി തന്നെ അതുസംബന്ധിച്ചു വ്യക്തത നല്‍കേണ്ടതുണ്ട്. അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ചു തീരുമാനിക്കും.

ആക്ടിവിസ്റ്റുകള്‍ക്കു കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇതെന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല.

ചിലര്‍ ഞങ്ങളിതാ ശബരിമലയിലേക്കു വരാന്‍ പോകുന്നുവെന്നു വാര്‍ത്താസമ്മേളനം നടത്തുന്നതാണു പ്രശ്നം. അവര്‍ക്കു തങ്ങളുടെ ശക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുകയെന്നതാണു ലക്ഷ്യം. ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ കൂട്ടുനില്‍ക്കാന്‍ പോകുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരക്കാരുടെ പ്രസ്താവനകള്‍ ചോദിച്ചുവാങ്ങി, ഇതിന് എതിരു നില്‍ക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീര്‍ഥാടനത്തെ അലങ്കോലമാക്കരുത്.’- അദ്ദേഹം നേരത്തേ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.