വാര്‍ത്തകളും വിശകലനങ്ങളും ചര്‍ച്ചകളുമില്ല, നിഷ്പക്ഷ നാട്യങ്ങളൊക്കെ വെറുതെ; അപര്‍ണ ഗൗരിക്കെതിരെ നടന്നത് ആസൂത്രിതമായ വധശ്രമമെന്ന് തോമസ് ഐസക്
Kerala News
വാര്‍ത്തകളും വിശകലനങ്ങളും ചര്‍ച്ചകളുമില്ല, നിഷ്പക്ഷ നാട്യങ്ങളൊക്കെ വെറുതെ; അപര്‍ണ ഗൗരിക്കെതിരെ നടന്നത് ആസൂത്രിതമായ വധശ്രമമെന്ന് തോമസ് ഐസക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2022, 8:54 pm

തിരുവനന്തപുരം: മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരിക്കെതിരെ നടന്നത് ആസൂത്രിതമായ വധശ്രമമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്.

അക്രമത്തിനു പിന്നില്‍ യു.ഡി.എഫ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളാണ്. അവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഒരുപക്ഷേ, സഹപാഠികള്‍ ഓടിയെത്തിയില്ലായിരുന്നുവെങ്കില്‍, അപര്‍ണയുടെ ജീവന്‍ തന്നെ അപായത്തിലാകുമായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

തങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവര്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തിട്ടും ഏതെങ്കിലുമൊരു യു.ഡി.എഫ് നേതാവ് സംഭവത്തെ തള്ളിപ്പറയാന്‍ തയ്യാറായിട്ടുണ്ടോ എന്നും, അതല്ലേ സമൂഹം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും തോമസ് ഐസക് ചോദിച്ചു.

ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ നിശബ്ദത ഞെട്ടിപ്പിക്കുന്നതാണെന്നും, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും മാധ്യമങ്ങളില്‍ നിശബ്ദത കനത്തുനില്‍ക്കുകയാണെന്നും, വാര്‍ത്തകളും വിശകലനങ്ങളും ചര്‍ച്ചകളും നടക്കുന്നില്ലെന്നും ഐസക് ആരോപിച്ചു.

അക്രമത്തിന് ഇരയാവുന്നത് എസ്.എഫ്.ഐയോ ഇടതുപക്ഷത്തുള്ളവരോ ആണെങ്കില്‍ ഈ നിശബ്ദതയുടെ ഗൂഢാലോചന പതിവുള്ളതാണ്. മറിച്ചാണെങ്കിലുള്ള വാദകോലാഹലം ഊഹിക്കാവുന്നതും. നിഷ്പക്ഷ നാട്യങ്ങളൊക്കെ വെറുതെയാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ റിമാന്‍ഡിലാണ്.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിബില്‍, അതുല്‍ കെ.ഡി, കിരണ്‍ രാജ് എന്നിവരെയാണ് റിമാന്‍ഡിലായിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ എ.ബി. വിപിനെ മര്‍ദ്ദിച്ച കേസില്‍ അലന്‍ ആന്റണി എന്ന വിദ്യാര്‍ത്ഥിയെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ അപര്‍ണക്ക് നേരെ വെള്ളിയാഴ്ചയായിരുന്നു ആക്രമണമുണ്ടായത്. യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അപര്‍ണ മേപ്പാടി വിംസ് കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. തലക്കും നെഞ്ചിനും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്.

മുപ്പതോളം വരുന്ന പുരുഷന്മാരുടെ സംഘമാണ് അപര്‍ണയെ ആക്രമിച്ചത്. അപര്‍ണയെ രക്ഷിക്കാനെത്തിയ ശരത്, വിഷ്ണു എന്നീ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു. യു.ഡി.എസ്.എഫും ട്രാബിയോക്ക് എന്ന മയക്കുമരുന്ന് സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും അപര്‍ണയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നുമാണ് എസ്.എഫ്.ഐയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയക്കുമരുന്നിനെതിരെ എസ്.എഫ്.ഐ പ്രചാരണം നടത്തിയിരുന്നെന്നും, ഇതാണ് മയക്കുമരുന്ന് സംഘത്തിനേയും ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യു.ഡി.എസ്.എഫിനേയും പ്രകോപിച്ചതെന്നുമാണ് എസ്.എഫ്.ഐയുടെ ആരോപണം.

അതേസമയം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോളേജ് അടച്ചിട്ടിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവമടക്കം കണ്ടാലറിയുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

തോമസ് ഐസകിന്റെ കുറിപ്പ്:

മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരിക്കെതിരെ നടന്നത് ആസൂത്രിതമായ വധശ്രമമാണ്. അപര്‍ണ കാമ്പസിനുള്ളില്‍ ഒറ്റയ്ക്കിരിക്കുന്നത് നിരീക്ഷിച്ചുറപ്പിച്ചു തന്നെയായിരുന്നു ആക്രമണം. കോളജിനുള്ളിലെ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു ആക്രമണം. അക്രമത്തിനു പിന്നില്‍ യു.ഡി.എഫ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളാണ്. അവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഒരുപക്ഷേ, സഹപാഠികള്‍ ഓടിയെത്തിയില്ലായിരുന്നുവെങ്കില്‍, അപര്‍ണയുടെ ജീവന്‍ തന്നെ അപായത്തിലാകുമായിരുന്നു.

ഇത്ര ക്രൂരമായി ഒരു പെണ്‍കുട്ടിയെ ആക്രമിക്കാനെന്താണ് കാരണം? കോളജുകളില്‍ പലപ്പോളും കുട്ടികള്‍ തമ്മില്‍ സംഘര്‍ഷവും അടിപിടിയുമൊക്കെ ഉണ്ടാകാറുണ്ട്. രാഷ്ട്രീയ കാരണങ്ങളാലും അല്ലാതെയും. എന്നാല്‍ ഒരു പെണ്‍കുട്ടിയെ മുപ്പതോളം പേരടങ്ങുന്ന സംഘം ആക്രമിച്ച് മൃതപ്രായയാക്കിയത് ഒരു പക്ഷേ ഇതാദ്യത്തെ സംഭവമാകും.

അതിന്റെ കാരണമന്വേഷിക്കുമ്പോഴാണ്, കോളജുകളിലെ മയക്കുമരുന്ന് വ്യാപനവും അതിനെതിരെ നടക്കുന്ന ചെറുത്തുനില്‍പ്പും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരേണ്ടത്. ക്യാമ്പസുകളില്‍ പിടിമുറുക്കുന്ന ലഹരിമാഫിയയ്‌ക്കെതിരെ വലിയ പ്രതിരോധമാണ് എസ്.എഫ്.ഐ തീര്‍ക്കുന്നത്. അത് തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തമെന്നാണ് എസ്.എഫ്.ഐ കരുതുന്നത്.

മേപ്പാടി പോളിയിലും ഈ പ്രവര്‍ത്തനങ്ങള്‍ എസ്.എഫ്.ഐ ഏറ്റെടുത്തു നടത്തിയിരുന്നു. അപര്‍ണയ്ക്കായിരുന്നു അതിന്റെ നേതൃത്വം. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം, ഇക്കാര്യത്തില്‍ കോളജ് അധികാരികള്‍ക്കും പോലീസിനും പരാതിയും നല്‍കിയിരുന്നു. അങ്ങനെ പോലീസില്‍ പരാതിപ്പെട്ടതിലുള്ള പ്രതികാരമാണ് അപര്‍ണയ്‌ക്കെതിരെയുള്ള ആക്രമണത്തില്‍ കലാശിച്ചത്.

കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നതിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്. എന്നാല്‍ യു.ഡി.എഫ് ചെയ്യുന്നതെന്താണ്? തങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവര്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തിട്ടും ഏതെങ്കിലുമൊരു യു.ഡി.എഫ് നേതാവ് സംഭവത്തെ തള്ളിപ്പറയാന്‍ തയ്യാറായിട്ടുണ്ടോ? അതല്ലേ സമൂഹം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?

ഇതുപോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് മാധ്യമങ്ങളുടെ നിശബ്ദത. അപര്‍ണയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും വാര്‍ത്തയും വിശകലനവുമില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങളില്‍ നിശബ്ദത കനത്തു നില്‍ക്കുകയാണ്. വാര്‍ത്തകളില്ല. വിശകലനങ്ങളില്ല. ചര്‍ച്ചയില്ല. അക്രമത്തിന് ഇരയാവുന്നത് എസ്.എഫ്.ഐയോ ഇടതുപക്ഷത്തുള്ളവരോ ആണെങ്കില്‍ ഈ നിശബ്ദതയുടെ ഗൂഢാലോചന പതിവുള്ളതാണ്. മറിച്ചാണെങ്കിലുള്ള വാദകോലാഹലം ഊഹിക്കാവുന്നതും. നിഷ്പക്ഷ നാട്യങ്ങളൊക്കെ വെറുതെ.

Content Highlight: CPIM Leader Thomas Isaac’s Reaction on attack against SFI Leader Aparna Gowri