സംഘപരിവാര്‍ ശക്തികളുടെ അടിസ്ഥാനരഹിതമായ ഭാവനാസൃഷ്ടിയാണത്: ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശത്തില്‍ പി. ജയരാജന്‍
Kerala News
സംഘപരിവാര്‍ ശക്തികളുടെ അടിസ്ഥാനരഹിതമായ ഭാവനാസൃഷ്ടിയാണത്: ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശത്തില്‍ പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2022, 7:15 pm

കണ്ണൂര്‍: ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് പി.ജയരാജന്‍.

ബി.ജെ.പി- സംഘപരിവാര്‍ ശക്തികളുടെ അടിസ്ഥാനരഹിതമായ ഒരു ഭാവനാസൃഷ്ടിയാണ് ഇന്ദു മല്‍ഹോത്രയുടെ ആരോപണമെന്ന് പി. ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ദു മല്‍ഹോത്ര തിരുവനന്തപുരത്ത് നടത്തിയ അഭിപ്രായപ്രകടനം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും വിചിത്രവുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ ക്ഷേത്രവരുമാനം എവിടെയെങ്കിലും എടുത്തുപയോഗിച്ചതായി ഇതുവരെയും ആര്‍ക്കുമറിയില്ലെന്നും പി. ജയരാജന്‍ പറഞ്ഞു.

ആര്‍.എസ്.എസുകാര്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെതിരെ നുണ പ്രചരിപ്പിക്കുന്നത് അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍, തീര്‍ത്തും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമായ ഈ വ്യാജ ആരോപണത്തിലേക്ക് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ഒരു മുന്‍ ജസ്റ്റിസ് കണ്ണി ചേരുക എന്നത് പ്രതിഷേധാര്‍ഹമാണ്. മാത്രവുമല്ല ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തെയും വ്യവസ്ഥകളെയുമാണ് ഇന്ദു മല്‍ഹോത്ര പ്രസ്താവനയിലൂടെ വെല്ലുവിളിക്കുന്നത്. പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശം. വരുമാനം കാരണം ഹിന്ദുക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു.താനും യു.യു.ലളിതും(നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്) ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞിരുന്നു. തന്നെ കാണാന്‍ എത്തിയവരോട് സംസാരിക്കുകയായിരുന്നു ഇവര്‍.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു.യു. ലളിതും ഇന്ദുമല്‍ഹോത്രയും ചേര്‍ന്ന ബെഞ്ചാണ്. ശബരിമല യുവതി പ്രവേശന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലെ അംഗമായിരുന്നു ഇന്ദു മല്‍ഹോത്ര.

 

Content Highlight: CPIM Leader P. Jayarajan’s Facebook Post About Former Supreme Court Judge Indu Malhotra’s Controversial statement