തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതുപക്ഷത്തെ എതിര്‍ക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്, ഗവര്‍ണര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ അദ്ദേഹത്തിന്റെ 'മെഗലോമാനിയ' കൊണ്ടാണ്: എം.എ. ബേബി
Kerala News
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതുപക്ഷത്തെ എതിര്‍ക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്, ഗവര്‍ണര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ അദ്ദേഹത്തിന്റെ 'മെഗലോമാനിയ' കൊണ്ടാണ്: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th October 2022, 7:15 pm

തിരുവനന്തപുരം: ധനമന്ത്രിയെ പിരിച്ചുവിടാന്‍ കത്ത് നല്‍കുന്നതിലൂടെ തന്റെ പദവിയെക്കുറിച്ച് വലിയ ഒരു വിഭ്രമലോകത്താണ് ഗവര്‍ണറെന്ന് വ്യക്തമായെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഗവര്‍ണര്‍ കേരളത്തില്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ അദ്ദേഹത്തിന്റെ മെഗലോമാനിയ കൊണ്ട് മാത്രമാണ് ഉണ്ടാകുന്നത് എന്ന് ഞാന്‍ കരുതുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ച് ഗവര്‍ണര്‍മാര്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സര്‍വകലാശാലകളെയെല്ലാം നിയന്ത്രണത്തിലാക്കാനുള്ള ആര്‍.എസ്.എസ് പദ്ധതിയുടെ ഭാഗമാണിത്. ഗവര്‍ണര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ ഭരണപരമായ പ്രശ്‌നമല്ല, രാഷ്ട്രീയ പ്രശ്‌നമാണെന്നും എം.എ. ബേബി കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

ഗവര്‍ണറുടെ വെല്ലുവിളിയോട് രാഷ്ട്രീയമായി പ്രതികരിക്കാന്‍ കേരളത്തിലെ യു.ഡി.എഫിന് കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം അതിനെ എതിര്‍ക്കുമ്പോള്‍ രമേശ് ചെന്നിത്തലയും, വി.ഡി. സതീശനും, കെ. സുധാകരനും തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം മുന്നില്‍കണ്ട് ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ മാത്രമാണ് ഈ സന്ദര്‍ഭത്തിലും ശ്രമിക്കുന്നതെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ നിലപാടുകളോട് കീഴടങ്ങില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി. ഗവര്‍ണര്‍ സ്വീകരിക്കുന്ന അസാധാരണ നിലപാടുകളോട് അസാധാരണമായി പ്രതികരിക്കാന്‍ കഴിയില്ല. ഇതിനെ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്നും എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെ വിമര്‍ശിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ മുസ്‌ലിം ലീഗിനെ പ്രശംസിക്കുകയും ചെയ്തു.

അതേസമയം, ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ അടുത്ത അസാധാരണ നടപടി.

എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. സംസ്ഥാനത്തെ ധനമന്ത്രിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കത്ത് നല്കുന്നതിലൂടെ തന്റെ പദവിയെക്കുറിച്ച് വലിയ ഒരു വിഭ്രമലോകത്താണ്. ഗവര്‍ണര്‍ എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മേലധികാരി ആണെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തന്റെ ഉത്തരവുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം എന്നുമാണ് അദ്ദേഹം നിര്‍ഭാഗ്യവശാല്‍ കരുതുന്നത്. ഞാന്‍ നിയമിക്കുന്ന മന്ത്രിമാര്‍ എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. എന്റെ പ്ലഷറിന് കീഴിലുള്ള മന്ത്രി എന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ ചാന്‍സലര്‍ ആയ സര്‍വകലാശാല എന്നും!

ഗവര്‍ണര്‍ കേരളത്തില്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ അദ്ദേഹത്തിന്റെ മെഗലോമാനിയ കൊണ്ട് മാത്രമാണ് ഉണ്ടാകുന്നത് എന്ന് ഞാന്‍ കരുതുന്നില്ല. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ച് ഗവര്‍ണര്‍മാര്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സര്‍വകലാശാലകളെയെല്ലാം നിയന്ത്രണത്തിലാക്കാനുള്ള ആര്‍.എസ്.എസ് പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമം എന്നത് വ്യക്തം. ഇതിന് വഴങ്ങുന്ന പ്രശ്‌നമേയില്ല. ഗവര്‍ണര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ ഭരണപരമായ പ്രശ്‌നമല്ല, രാഷ്ട്രീയ പ്രശ്‌നമാണ്.

ആര്‍.എസ്.എസ് അനുകൂലിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് മടങ്ങണമെങ്കില്‍ അതാവാം. പക്ഷേ ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് ഭരണഘടനയെയും പൊതുപ്രവര്‍ത്തനത്തിലെ മര്യാദകളെയും വെല്ലുവിളിക്കരുത്.
ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയ്ക്കും ഫെഡറല്‍ സംവിധാനത്തിനും നേരെ ഉയരുന്ന ഈ വെല്ലുവിളിയോട് രാഷ്ട്രീയമായി പ്രതികരിക്കാന്‍ കേരളത്തിലെ യു.ഡി.എഫിന് കഴിയുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്.

ഈ ആര്‍.എസ്.എസ് അജണ്ടയെ കെ.സി. വേണുഗോപാലും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും എതിര്‍ക്കുമ്പോള്‍ കേരളത്തിലെ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ. സുധാകരനും തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം മുന്നില്‍ കണ്ട് ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ മാത്രമാണ് ഈ സന്ദര്‍ഭത്തിലും ശ്രമിക്കുന്നത്.

Content Highlight: CPIM Leader MA Baby Criticizing Congress over Governor Controversy