പുരുഷാധികാരത്തിന്റെ കുരുട്ടുബുദ്ധിയായിരുന്നു മുനീറിന്റെ പ്രസംഗത്തിലുടനീളം; കെ.ടി. കുഞ്ഞിക്കണ്ണന്‍
Kerala News
പുരുഷാധികാരത്തിന്റെ കുരുട്ടുബുദ്ധിയായിരുന്നു മുനീറിന്റെ പ്രസംഗത്തിലുടനീളം; കെ.ടി. കുഞ്ഞിക്കണ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 4:05 pm

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായ മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ പ്രസംഗം അശ്ലീലകരമായ അസഹിഷ്ണുതയുടെ പൊട്ടിയൊലിക്കലായിരുന്നുവെന്ന് സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. ഇന്നലെ കോഴിക്കോട് നടന്ന എം.എസ്.എഫ് സമ്മേളനത്തില്‍ ഡോ.എം.കെ. മുനീര്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് കുഞ്ഞിക്കണ്ണന്റെ പ്രതികരണം.

കമ്യൂണിസ്റ്റ് വിരോധവും സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കാനാവാത്ത പുരുഷാധികാരത്തിന്റെ കുരുട്ടുബുദ്ധിയായിരുന്നു പ്രസംഗത്തിലുടനീളം കലങ്ങിമറിഞ്ഞത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണെന്ന് ചോദിക്കുന്ന കുരുട്ടുയുക്തി വിളമ്പി എം.എസ്.എഫ് കുട്ടികളെക്കൊണ്ട് കയ്യടിപ്പിക്കുന്ന കോമാളിത്തം മറുപടി അര്‍ഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ഈ ഡോക്ടര്‍ക്ക് ലിംഗസമത്വയൂണിഫോം എന്താണെന്നോ സ്ത്രീപുരുഷ സമത്വമെന്താണെന്നോ ഒന്നും മനസ്സിലായിട്ടില്ലെന്ന് പ്രസംഗം കേട്ടവര്‍ക്കെല്ലം മനസ്സിലായി. പുരുഷാധികാരം വര്‍ഷങ്ങളായി സ്ത്രീക്ക് നിശ്ചയിച്ചുനല്‍കിയ വസ്ത്രരീതികളില്‍ നിന്നുള്ള മോചനമാണ് നമ്മുടെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. അത് മുനീറിനെപോലുള്ള ആളുകള്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.

വസിഷ്ഠസൂത്രത്തെയും പഷ്തൂണ്‍ ഗോത്രനിയമങ്ങളെയും മതമായി കൊണ്ടാടുന്ന സംഘികള്‍ക്കും താലിബാനികള്‍ക്കൊന്നും അത് മനസ്സിലാക്കാനാവില്ലല്ലോ. മുനീര്‍ സാഹിബ് സംഘിപരിപാടികളുടെയും സ്ഥിരം സാന്നിധ്യവുമാണല്ലോ എന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ കോഴിക്കോട് നടന്ന എം.എസ്.എഫ് സമ്മേളനത്തില്‍ ഡോ.എം.കെ. മുനീര്‍ നടത്തിയ പ്രസംഗം ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായ അശ്ലീലകരമായ അസഹിഷ്ണുതയുടെ പൊട്ടിയൊലിക്കലായിരുന്നു. കമ്യൂണിസ്റ്റ് വിരോധവും സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കാനാവാത്ത പുരുഷാധികാരത്തിന്റെ കുരുട്ടുബുദ്ധിയായിരുന്നു പ്രസംഗത്തിലുടനീളം കലങ്ങിമറിഞ്ഞത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണെന്ന് ചോദിക്കുന്ന കുരുട്ടുയുക്തി വിളമ്പി എം.എസ്.എഫ് കുട്ടികളെക്കൊണ്ട് കയ്യടിപ്പിക്കുന്ന കോമാളിത്തം മറുപടി അര്‍ഹിക്കുന്നതല്ല.

എന്തായാലും ഈ ഡോക്ടര്‍ക്ക് ലിംഗസമത്വ യൂണിഫോം എന്താണെന്നോ സ്ത്രീപുരുഷ സമത്വമെന്താണെന്നോ ഒന്നും മനസ്സിലായിട്ടില്ലെന്ന് പ്രസംഗം കേട്ടവര്‍ക്കെല്ലം മനസ്സിലായി. പുരുഷാധികാരം വര്‍ഷങ്ങളായി സ്ത്രീക്ക് നിശ്ചയിച്ചുനല്‍കിയ വസ്ത്രരീതികളില്‍ നിന്നുള്ള മോചനമാണ് നമ്മുടെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. അത് മുനീറിനെപോലുള്ള ആളുകള്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. വസിഷ്ഠസൂത്രത്തെയും പഷ്തൂണ്‍ ഗോത്രനിയമങ്ങളെയും മതമായി കൊണ്ടാടുന്ന സംഘികള്‍ക്കും താലിബാനികള്‍ക്കൊന്നും അത് മനസ്സിലാക്കാനാവില്ലല്ലോ. മുനീര്‍ സാഹിബ് സംഘിപരിപാടികളുടെയും സ്ഥിരം സാന്നിധ്യവുമാണല്ലോ.

മതത്തെയും ലിംഗസമത്വത്തെയും വിപരീത ദര്‍ശനങ്ങളായി അവതരിപ്പിച്ച് മതംകൊണ്ട് രാഷ്ട്രീയം കളിക്കുന്ന മുനീറിനെപ്പോലുള്ളവര്‍ നമ്മുടെ പുതിയ തലമുറ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്തവരാണ്. ഒരേ സമയം ലിംഗസമത്വത്തെ എതിര്‍ക്കുകയും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ച് തലതിരിഞ്ഞ സിദ്ധാന്തങ്ങള്‍ തട്ടിവിട്ട് ആള്‍ക്കൂട്ട ആരവം ഉണ്ടാക്കാനാണല്ലോ മുനീര്‍ എം.എസ്.എഫ് വേദിയില്‍ കോമാളി പ്രസംഗം നടത്തിയത്.

അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരോധം ഇക്കാലത്ത് അങ്ങനെയങ്ങ് ചിലവാകുമെന്ന് കരുതേണ്ട.
മതം മാര്‍ക്സിസത്തിനെതിരാണെന്നും മാര്‍ക്സിസ്റ്റുകള്‍ ലൈംഗിക അരാജകത്വം പടര്‍ത്തുന്നവരാണെന്നും അതിന്റെ ഭാഗമാണ് യൂണിഫോം ന്യൂട്രാലിറ്റി എന്നൊക്കെ വായില്‍തോന്നിയത് വിളിച്ചുപറയുന്ന മുനീറുമാര്‍ ഏത് കാലത്താണ് ജീവിക്കുന്നത്? പെണ്‍കുട്ടികളുടെ ചലന സ്വാതന്ത്ര്യവും അവരില്‍ സമത്വബോധവും ആത്മവിശ്വാസവുമുണ്ടാക്കുന്ന നടപടികളുടെ ഭാഗമാണ് ലിംഗസമത്വ യൂണിഫോമെന്ന് മുനീറിന് മനസ്സിലാക്കാനാവാത്തത് അയാള്‍ക്കുള്ളില്‍ മൂത്ത് നരച്ച് അത്തുംപൊത്തുമില്ലാതെ വളരുന്ന യാഥാസ്ഥിതികത ഒന്നുകൊണ്ടുകൂടിയാണ്.

Content Highlight: CPIM Leader KT Kunhikkannan against Muslim League Leader MK Muneer’s speech about gender neutrality