തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുന്നതിനായി ആരംഭിച്ച പ്രിയദര്‍ശിനി പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനങ്ങള്‍ യു.ഡി.എഫ് നേതാക്കള്‍ നിര്‍വഹിച്ചതായി സി.പി.ഐ.എം നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടികള്‍ ആക്കി മാറ്റുന്നത് കോണ്‍ഗ്രസിന്റെ നയമാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്ന് ബാലഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
ഇന്ന് പ്രിയദര്‍ശിനി പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഗൗരവത്തോടുകൂടി കാണേണ്ടതുണ്ട്. പലയിടങ്ങളിലും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കോണ്‍ഗ്രസ് നേതാക്കന്മാരും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥികളുമൊക്കെയാണ്.
തദ്ദേശസ്വയംഭരണ തലത്തിലോ സര്‍ക്കാര്‍ തലത്തിലോ ഏതെങ്കിലും ചുമതല വഹിക്കുന്ന ആളുകളല്ല അവര്‍. ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്ന് ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ പേര് തീരുമാനിച്ചത് മുതലിങ്ങോട്ട് കോണ്‍ഗ്രസിന്റെ ഒരു രാഷ്ട്രീയ പരിപാടിയായാണ് ഇത് നടന്നുവരുന്നത്. സര്‍ക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടികള്‍ ആക്കി മാറ്റുന്നത് കോണ്‍ഗ്രസിന്റെ നയമാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്നും മുന്‍ മന്ത്രി ആവശ്യപ്പെട്ടു.
നിലവില്‍ ഓര്‍ഡിനറി ബസില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാണെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. ഈ പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ഓര്‍ഡിനറി ബസ്സുകള്‍ പലതും സിറ്റി ഫാസ്റ്റുകള്‍ ആക്കി മാറ്റിയിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും മുന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എല്ലാ കെ.എസ്.ആര്‍.ടി.സി ബസ്സിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുമെന്നും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വിനോദ കേന്ദ്രങ്ങളിലുമെല്ലാം സൗജന്യമായി പോകാമെന്നും പ്രചരിപ്പിച്ചു കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഒരു വിഭാഗം ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ഇപ്പോള്‍ യാത്ര സൗജന്യമാക്കിയിട്ടുള്ളത്. അധികാരത്തില്‍ എത്തിയതിനുശേഷം നടത്തുന്ന വാഗ്ദാന ലംഘനങ്ങളുടെ കൂട്ടത്തില്‍ അങ്ങനെ ഒന്നുകൂടി അവര്‍ ചേര്‍ത്തിരിക്കുന്നു.
ഈ പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ഓര്‍ഡിനറി ബസ്സുകള്‍ പലതും സിറ്റി ഫാസ്റ്റുകള്‍ ആക്കി മാറ്റിയിരിക്കുന്നു എന്ന തരത്തിലും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. പരാതികളെല്ലാം പരിഹരിച്ച് പദ്ധതി വിജയകരമാക്കി മാറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നും ബാലഗോപാല്‍ കുറിച്ചു.
സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയുടെ തുക അടിയന്തരമായി സര്‍ക്കാര്‍ വിതരണം ചെയ്യണമന്നും മുന്‍ ധനമന്ത്രി ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി.യിലെ സൗജന്യ യാത്ര പദ്ധതിയുടെ അഞ്ചിരട്ടിയിലധികം തുക സംസ്ഥാനത്തെ 20 ലക്ഷം സ്ത്രീകളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയാണിതെന്നും ബാലഗോപാല്‍ പറഞ്ഞു.
‘കഴിഞ്ഞ രണ്ടു മാസമായി മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായം ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീസുരക്ഷാ പദ്ധതി തടസ്സപ്പെടുത്തുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇടതു ഗവണ്‍മെന്റ് ആരംഭിച്ച മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയുടെ തുക അടിയന്തരമായി സര്‍ക്കാര്‍ വിതരണം ചെയ്യണം,’ ബാലഗോപാല്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
യുഡിഎഫ് വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതി ഇന്ന് ഭാഗികമായി ആരംഭിച്ചിരിക്കുന്നു. ഏകദേശം 500 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്നത് എന്നാണ് മനസ്സിലാക്കുന്നത്.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുമെന്നും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വിനോദ കേന്ദ്രങ്ങളിലുമെല്ലാം ഇനിമുതല്‍ സൗജന്യമായി പോകാമെന്നും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഒരു വിഭാഗം ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ഇപ്പോള്‍ യാത്ര സൗജന്യമാക്കിയിട്ടുള്ളത്.
അധികാരത്തില്‍ എത്തിയതിനുശേഷം നടത്തുന്ന വാഗ്ദാന ലംഘനങ്ങളുടെ കൂട്ടത്തില്‍ അങ്ങനെ ഒന്നുകൂടി അവര്‍ ചേര്‍ത്തിരിക്കുന്നു.
ഈ പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ഓര്‍ഡിനറി ബസ്സുകള്‍ പലതും സിറ്റി ഫാസ്റ്റുകള്‍ ആക്കി മാറ്റിയിരിക്കുന്നു എന്ന തരത്തിലും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. പരാതികളെല്ലാം പരിഹരിച്ച് പദ്ധതി വിജയകരമാക്കി മാറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം.
എന്നാല്‍ ഇന്ന് ഈ പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഗൗരവത്തോടുകൂടി കാണേണ്ടതുണ്ട്. പലയിടങ്ങളിലും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കോണ്‍ഗ്രസ് നേതാക്കന്മാരും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥികളുമൊക്കെയാണ്. തദ്ദേശസ്വയംഭരണ തലത്തിലോ സര്‍ക്കാര്‍ തലത്തിലോ ഏതെങ്കിലും ചുമതല വഹിക്കുന്ന ആളുകളല്ല അവര്‍.
ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. പദ്ധതിയുടെ പേര് തീരുമാനിച്ചത് മുതലിങ്ങോട്ട് കോണ്‍ഗ്രസിന്റെ ഒരു രാഷ്ട്രീയ പരിപാടിയായാണ് ഇത് നടന്നുവരുന്നത്. സര്‍ക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടികള്‍ ആക്കി മാറ്റുന്നത് കോണ്‍ഗ്രസിന്റെ നയമാണോ എന്ന് അവര്‍ വ്യക്തമാക്കണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനം അവതരിപ്പിച്ച ബജറ്റില്‍ 3720 കോടി രൂപ നീക്കിവെച്ച പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതി. നിലവില്‍ 35 നും 60 നും ഇടയില്‍ പ്രായമുള്ള 20 ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. നിലവില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ മാത്രം വര്‍ഷം 2500 കോടി രൂപയോളം വേണം.
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര പദ്ധതിയുടെ അഞ്ചിരട്ടിയിലധികം തുക സംസ്ഥാനത്തെ 20 ലക്ഷം സ്ത്രീകളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്.
കഴിഞ്ഞ രണ്ടു മാസമായി മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായം ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീസുരക്ഷാ പദ്ധതി തടസ്സപ്പെടുത്തുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇടതു ഗവണ്‍മെന്റ് ആരംഭിച്ച മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയുടെ തുക അടിയന്തരമായി സര്‍ക്കാര്‍ വിതരണം ചെയ്യണം.
Content Highlight: CPIM Leader KN Balagopal Critisized UDF on Reports of Priyadarshini Project Inauguration at LSG Level by Local UDF leaders