രാഷ്ട്രീയ സംരക്ഷണമില്ലെങ്കില്‍ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെ: ജി. സുധാകരന്‍
Kerala News
രാഷ്ട്രീയ സംരക്ഷണമില്ലെങ്കില്‍ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെ: ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th September 2025, 7:40 pm

 

തിരുവനന്തപുരം: താന്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന കാലത്ത് ഒരു തരത്തിലുമുള്ള അഴിമതിയും ഉണ്ടായിരുന്നില്ല എന്ന് മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ ജി. സുധാകരന്‍.

തനിക്ക് ദേവസ്വത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ ഒരു സ്വര്‍ണ്ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും മീതെയാണ് രാഷ്ട്രീയമെന്നും അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനെ ആ ഉപരിമണ്ഡലത്തില്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണെന്നും രാഷ്ട്രീയമായി സംരക്ഷണമില്ലെങ്കില്‍ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു.

‘നമ്മള്‍ രാഷ്ട്രീയ സാക്ഷരതയില്‍ പിന്നില്‍ പോയി. വര്‍ഗീയ സാക്ഷരത കൂടി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു. പഞ്ചായത്തുകളില്‍ എന്തൊക്കെ അഴിമതി നടക്കുന്നു. കേരളത്തിനാവശ്യം സ്വയം പരിശോധനയാണ്. എല്ലാ കാര്യങ്ങളിലും ഇത് വേണം.

ഇപ്പോള്‍ സ്വര്‍ണപ്പാളിയില്‍ എത്തിയിരിക്കുന്നു. സ്വര്‍ണപ്പാളി ഇളക്കുമ്പോഴും കൊണ്ടു പോകുമ്പോഴും അളക്കണ്ടേ. അറിയില്ല എന്ന് പറയുന്നു. അവരും അഴിമതിയുടെ ഭാഗമാണ്,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വര്‍ണപീഠം കാണാതായ സംഭവത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ സഹോദരി മിനി രംഗത്തെത്തിയിരുന്നു. മിനിയുടെ വീട്ടില്‍ നിന്നും സ്വര്‍ണപീഠം കണ്ടെത്തിയതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ തള്ളി ഇവര്‍ രംഗത്തെത്തിയത്.

ഷീല്‍ഡ് എന്ന പേരിലാണ് ഇത് വീട്ടില്‍ കൊണ്ടുവച്ചതെന്നും പീഠമാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തില്‍ ഓരോന്ന് വീട്ടില്‍ കൊണ്ടുവെയ്ക്കാറുണ്ടായിരുന്നുവെന്നും ഇവര്‍ പ്രതികരിച്ചു.

‘എന്താണ് സംഭവമെന്ന് അറിയില്ലായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരികെ കൊണ്ടുപോകുമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. വിജിലന്‍സ് വന്നപ്പോഴാണ് പീഠമാണെന്ന് അറിഞ്ഞത്,’ മിനി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി ഇത്തരത്തില്‍ പലതും കൊണ്ട് വരാറുണ്ടെന്ന് മിനിയുടെ പങ്കാളി ഈശ്വരന്‍ പോറ്റിയും വ്യക്തമാക്കി.

ശബരിമലയില്‍ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപീഠം പരാതിക്കാരന്റെ പക്കല്‍ നിന്നുതന്നെ കണ്ടെത്തിയതില്‍ ഗൂഢാലോചയുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. സ്വര്‍ണപീഠം നാലരവര്‍ഷക്കാലം ഒളിപ്പിച്ചുവെച്ച് ഉണ്ണികൃഷ്ണന്‍ എല്ലാവരെയും കബളിപ്പിച്ചുവെന്നും മന്ത്രി പ്രതികരിച്ചു.

ശബരിമലയിലേക്ക് പീഠം സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ തന്നെയാണ് പിന്നീട് ഇവ കാണാതായെന്ന പരാതിയുമായി രംഗത്തെത്തിയതും. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ഇടപെടലുണ്ടോയെന്ന സംശയമുയര്‍ന്നത്.

 

Content Highlight: CPIM Leader G Sudhakaraan about Sabarimala