ആര്‍.എം.പി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റുകൊടുത്തു, അതിനുള്ള പ്രതിഫലമാണ് രമയുടെ എം.എല്‍.എ സ്ഥാനം; എളമരം കരീം പറഞ്ഞത് ശരിയെന്ന് പി. മോഹനന്‍
Kerala News
ആര്‍.എം.പി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റുകൊടുത്തു, അതിനുള്ള പ്രതിഫലമാണ് രമയുടെ എം.എല്‍.എ സ്ഥാനം; എളമരം കരീം പറഞ്ഞത് ശരിയെന്ന് പി. മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th July 2022, 5:07 pm

കോഴിക്കോട്: വടകര എം.എല്‍.എ കെ.കെ. രമക്കെതിരായി എളമരം കരീം നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. എളമരം കരീം പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് പി. മോഹനന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍.എം.പി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റുകൊടുത്തു. ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. അവര്‍ക്ക് അതിനുകഴിഞ്ഞില്ല. അവരെ സഹായിക്കാന്‍ ഒറ്റുകാരായി ആര്‍.എം.പി നിന്നുകൊടുത്തു. അതിനുള്ള പ്രതിഫലമായിട്ടാണ് വടകരയിലെ എം.എല്‍.എ സ്ഥാനം ആര്‍.എം.പിക്ക് കൊടുത്തത്. അത് യാതൊരുവിട്ടുവീഴ്ചയുമില്ലാത്ത, നാട് അംഗീകരിക്കുന്ന കാര്യമാണ്,’ പി. മോഹനന്‍ പറഞ്ഞു.

മണ്ടോടി കണ്ണന്‍ അടക്കമുള്ള രക്തസാക്ഷികളെ അപമാനിക്കുന്ന നിലപാടാണ് ആര്‍.എം.പിയുടേത്. ഒരു മുന്നണിയിലും ചേരില്ലെന്ന് പറഞ്ഞ ആര്‍.എം.പി പിന്നീട് യു.ഡി.എഫിനോടൊപ്പം ചേര്‍ന്നു. സി.എച്ച്. അശോകന്‍ അടക്കമുള്ള നേതാക്കളെ ഒറ്റുകൊടുത്തെന്നും പി. മോഹനന്‍ കുറ്റുപ്പെടുത്തി.

കെ.കെ.രമയുടെ എം.എല്‍.എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമെന്നായിരുന്നു എളമരം കരീമിന്റെ പ്രതികരണം. വടകര ഒഞ്ചിയത്ത് കഴിഞ്ഞ ചൊവ്വാഴ്ച സി.പി.ഐ.എം സംഘടിപ്പിച്ച സി.എച്ച്. അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കരീമിന്റെ പരാമര്‍ശം.

എളമരം കരീം

വര്‍ഗശത്രുക്കളുമായി ചേര്‍ന്ന് കെ.കെ. രമ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി അധികം അഹങ്കരിക്കേണ്ടെന്നും എളമരം കരീം പ്രസംഗത്തില്‍ പറയുന്നുണ്ട്.

‘വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍ സമ്മേളനങ്ങള്‍. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, എന്താണ് റെവല്യൂഷണറി.

ഒരു എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി ആരും അഹങ്കരിക്കരുത്. എം.എല്‍.എ ആവാന്‍ അല്ലെങ്കില്‍ ഇതുപോലുള്ള സ്ഥാനം ലഭിക്കാന്‍, ഈ വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ധരിക്കണം.

ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,’ എന്നാണ് എളമരം കരീം പറഞ്ഞത്.