എഡിറ്റര്‍
എഡിറ്റര്‍
പ്രതിഷേധം ആളിക്കത്തുന്നു; കരകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരന് സി.പി.ഐ.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം
എഡിറ്റര്‍
Wednesday 5th April 2017 4:19pm

തിരുവനന്തപുരം: കരകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച വ്യക്തിയ്ക്ക് ക്രൂരമര്‍ദ്ദനം. സി.പി.ഐ.എം പ്രവര്‍ത്തകരാണ് പ്രതിഷേധക്കാരനെ മര്‍ദ്ദിച്ചത്. ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ച് സമര മുഖത്തു നിന്നും നീക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരം കരകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്.

അഞ്ചോളം യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇവരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രതിഷേധക്കാരെ വിട്ടയച്ചത്.

അതേസമയം, ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. പൊലീസ് ചെയ്തത് കൃത്യനിര്‍വ്വഹണം മാത്രമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഡി.ജി.പി ഓഫീസിനു മുന്നില്‍ പ്രശ്നമുണ്ടാക്കിയത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ്. തോക്കുസ്വാമി ഉള്‍പ്പെടെയുള്ളവരാണ് ഒപ്പമുണ്ടായിരുന്നത് എന്നാണറിയുന്നത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്നദ്ധനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഐ.ജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. ജിഷ്ണുവിന്റെ അമ്മയെ ചികിത്സ നല്‍കാന്‍ വേണ്ടിയാണ് കൊണ്ടുപോയത്. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ താന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.


Also Read: ശശീന്ദ്രന്‍ തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു; ഫോണ്‍ വിളി വിവാദത്തില്‍ പരാതിയുമായി മാധ്യമപ്രവര്‍ത്തക


നേരത്തേ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ രംഗത്തെത്തിയിരുന്നു. ബാഹ്യ ഇടപെടല്‍ മൂലമാണ് സംഘര്‍ഷമുണ്ടായതെന്നായിരുന്നു ഡി.ജി.പിയുടെ വിശദീകരണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതുപറയുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ശാസിച്ചിരുന്നു. ലോക്നാഥ് ബെഹ്റയെ ഫോണില്‍ ബന്ധപ്പെട്ടാണ് വി.എസ് ചീത്ത വിളിച്ചത്. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെയാണോ അറസ്റ്റ് ചെയ്യുന്നതെന്ന് വി.എസ് ചോദിച്ചു.

Advertisement