അഫ്‌സ്പ പിന്‍വലിക്കാനാവശ്യമായ നടപടികളെടുക്കും; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സംവരണം: സി.പി.ഐ.എം പ്രകടന പത്രിക
D' Election 2019
അഫ്‌സ്പ പിന്‍വലിക്കാനാവശ്യമായ നടപടികളെടുക്കും; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സംവരണം: സി.പി.ഐ.എം പ്രകടന പത്രിക
ന്യൂസ് ഡെസ്‌ക്
Thursday, 28th March 2019, 4:03 pm

 

ന്യൂദല്‍ഹി: പ്രത്യേക സൈനിക അധികാരം “അഫ്‌സ്പ” പിന്‍വലിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന പ്രഖ്യാപനവുമായി സി.പി.ഐ.എം തെരഞ്ഞെടുപ്പ് പ്രകടന പത്രിക. നിയന്ത്രണങ്ങളില്ലാതെ സൈന്യത്തിനു നല്‍കുന്ന സ്വാതന്ത്ര്യം അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനജീവിതം ദുരിതപൂര്‍ണമാക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു നിലപാട് കൈകൊള്ളുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

നിയമം പാലിക്കപ്പെടുന്നുണ്ടോയെന്നും തീവ്രവാദ ഭീഷണിയുണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ രാജ്യത്ത് ആവശ്യത്തിന് നിയമങ്ങളുണ്ട്. അഫ്‌സപയുടെ ആവശ്യമില്ലെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18,000 രൂപയാക്കും. രണ്ട് രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കും. വാര്‍ധക്യ പെന്‍ഷന്‍ മിനിമം വേതനത്തിന്റെ പകുതിയോ ആറായിരമോ ആക്കുമെന്നും സി.പി.ഐ.എം പ്രകടന പത്രികയില്‍ പറയുന്നു.

സ്ത്രീ സംവരണ ബില്‍ ഉറപ്പാക്കും. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും സംവരണം ഉറപ്പാക്കും. എസ്.സി- എസ്.ടി വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പുവരുത്തും.

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കും. ആരോഗ്യ സുരക്ഷ അവകാശമായി മാറ്റും.

Also read:ആരുമറിയാതെ പോകരുത്, മോദിയും കൂട്ടരും നടത്തിയ ഈ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങള്‍

നിര്‍ണായക പദവികളില്‍ ബി.ജെ.പി നിയോഗിച്ച ആര്‍.എസ്.എസ് നേതാക്കളെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന ചോദ്യത്തിനു “”ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പ്രധാന അജണ്ട. കോണ്‍ഗ്രസിന്റേത് എന്താണെന്ന് അവര്‍ തീരുമാനിക്കട്ടെ”” എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക, സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും ശക്തിപ്പെടുത്തുക, മതേതര സര്‍ക്കാര്‍ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളാണ് തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ സി.പി.ഐ.എം മുന്നോട്ടുവെക്കുന്നത്.