എപ്സ്റ്റീനുമായി ബന്ധം; ഹര്‍ദീപ് സിങ് പുരിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സി.പി.ഐ.എം
India
എപ്സ്റ്റീനുമായി ബന്ധം; ഹര്‍ദീപ് സിങ് പുരിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സി.പി.ഐ.എം
രാഗേന്ദു. പി.ആര്‍
Friday, 20th February 2026, 6:47 pm

ന്യൂദല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നതോടെ വിവാദത്തിലായ ഹര്‍ദീപ് സിങ് പുരിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

ഇന്ത്യയ്ക്ക് ഉണ്ടായ നാണക്കേടും അപമാനവും പരിഹരിക്കാന്‍ ഹര്‍ദീപ് പുരിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സി.പി.ഐ.എം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹര്‍ദീപ് സിങ് പുരിയും വ്യവസായി അനില്‍ അംബാനിയും എപ്സ്റ്റീന്‍ ഫയലില്‍ ഉള്‍പ്പെട്ടതിന് വ്യക്തമായ തെളിവുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാര്‍ലമെന്റില്‍ ഇതുവരെ എപ്സ്റ്റീന്‍ ഫയല്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

മറ്റ് പല രാജ്യങ്ങളും എപ്സ്റ്റീന്‍ ഫയലില്‍ നടപടി സ്വീകരിച്ചു. ബ്രിട്ടനില്‍ ആന്‍ഡ്രൂ രാജകുമാരന്റെ പദവികള്‍ പിന്‍വലിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് രാജ്യങ്ങളില്‍ പലരും രാജിവെക്കാന്‍ നിര്‍ബന്ധിതരായെന്നും സി.പി.ഐ.എം പറഞ്ഞു.

ഹര്‍ദീപ് സിങ്ങിനെ പുറത്താക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വിമര്‍ശനമുണ്ട്. തെളിവുകള്‍ പുറത്തുവന്നിട്ടും ഹര്‍ദീപ് സിങ് പത്രസമ്മേളനത്തില്‍ കള്ളങ്ങളാണ് ആവര്‍ത്തിച്ചതെന്നും സി.പി.ഐ.എം പറഞ്ഞു.

യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വെബ്‌സൈറ്റിലെ ‘എപ്സ്റ്റീന്‍ ലൈബ്രറി’യില്‍ 163 തവണയാണ് പുരിയുടെ പേര് പരാമര്‍ശിക്കുന്നത്. ഇതുകൂടാതെ ‘ഹര്‍ദീപ് പുരി’ എന്ന പേര് 46 തവണയും ‘ഹര്‍ദീപ് ‘ എന്നത് 430 തവണയും പറയുന്നുണ്ട്.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിധിയായിരുന്നപ്പോഴാണ് എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ വിശദീകരണം. എന്നാല്‍ പുതിയ രേഖകള്‍ പ്രകാരം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും ഇവര്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നു.

2009-2017 കാലയളവില്‍ താന്‍ നാലുതവണ എപ്സ്റ്റീനെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും ഹര്‍ദീപ് സിങ് പുരി തന്നെ സമ്മതിച്ചിട്ടുണ്ട്.

2014 നവംബര്‍ 13ന് പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെക്കുറിച്ചും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വര്‍ധനവിനെക്കുറിച്ചും പരാമര്‍ശിക്കുന്ന ഇ-മെയില്‍ സന്ദേശം പുരി എപ്സ്റ്റീന് കൈമാറിയിരുന്നു.

Content Highlight: CPIM demands removal of Hardeep Singh Puri from the cabinet for his links with Epstein

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.