ഉപരോധസമരത്തിനെതിരായ ചന്ദ്രചൂഡന്റെ പരാമര്‍ശം പത്രങ്ങളില്‍ പേര് വരാന്‍: സി.പി.ഐ.എം
Kerala
ഉപരോധസമരത്തിനെതിരായ ചന്ദ്രചൂഡന്റെ പരാമര്‍ശം പത്രങ്ങളില്‍ പേര് വരാന്‍: സി.പി.ഐ.എം
ന്യൂസ് ഡെസ്‌ക്
Saturday, 24th August 2013, 3:30 pm

[]തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ എല്‍.ഡി.എഫ് ഉപരോധ സമരത്തെ കുറിച്ച് ആര്‍.എസ്.പി നേതാവ് ടി.ജെ ##ചന്ദ്രചൂഡന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ.എം.

പത്രങ്ങളില്‍ പേര് വരാനുള്ള ശ്രമമാണ് ചന്ദ്രചൂഡന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നാണ് സി.പി.ഐ.എം വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു.

സമരം തുടങ്ങാന്‍ ആര്‍ക്കുമാകുമെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് അവധാനതയോടെ ആകണമായിരുന്നെന്നും ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞിരുന്നു.

കുറച്ചുകൂടി നേതൃപാഠവം സമരത്തില്‍ കാണിക്കേണ്ടതായിരുന്നെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തിയിരുന്നു. []

സമരം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ച് പാര്‍ട്ടി വിശദീകരീക്കേണ്ടി വരികയാണെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തി.

സമരം വിജയമാണെന്ന് സി.പി.ഐ.എം ആവര്‍ത്തിച്ച് പറയുന്നതിനിടെയായിരുന്നു ചന്ദ്രചൂഡന്റെ പരാമര്‍ശം. സമരം പൊടുന്നനെ അവസാനിപ്പിച്ചതിനെ കുറിച്ച് ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടിയില്‍ ആരോപണമുയര്‍ന്നിരുന്നെങ്കിലും ഇതിനെതിരെ ആരും പരസ്യമായി രംഗത്തെത്തയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് സമരം അവസാനിച്ച രീതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചന്ദ്രചൂഡന്‍ രംഗത്തെത്തിയത്.