അമൃതാനന്ദമയി സാമ്രാജ്യം പടുത്തുയര്‍ത്തിയത് ആര്‍.എസ്.എസ് പിന്തുണയില്‍; ആള്‍ദൈവങ്ങള്‍ക്കെതിരെ സി.പി.ഐ.എം മുഖപത്രം
Kerala
അമൃതാനന്ദമയി സാമ്രാജ്യം പടുത്തുയര്‍ത്തിയത് ആര്‍.എസ്.എസ് പിന്തുണയില്‍; ആള്‍ദൈവങ്ങള്‍ക്കെതിരെ സി.പി.ഐ.എം മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd September 2017, 9:00 am

ന്യൂദല്‍ഹി: അമൃതാനന്ദമയിക്കും രാജ്യത്തെ ആള്‍ദൈവങ്ങള്‍ക്കുമെതിരെ സി.പി.ഐ.എം മുഖപത്രം പീപ്പിള്‍സ് ഡെമോക്രസി. പത്രത്തിന്റെ കഴിഞ്ഞദിവസത്തെ മുഖപ്രസംഗത്തിലാണ് രാജ്യത്തെ ആള്‍ദൈവങ്ങളും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടുന്നത്.

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന് ബി.ജെ.പി സര്‍വ്വ പിന്തുണയും നല്‍കിയിരുന്നെന്നും തെരഞ്ഞെടുപ്പുകളില്‍ ദേരാ സച്ചയും ബി.ജെ.പിയും തമ്മില്‍ കൂട്ടുകെട്ട് ഉണ്ടായിരുന്നെന്നും പറയുന്ന ലേഖനത്തിലാണ് കേരളത്തിലെ അമൃതാ മഠത്തിനെതിരെയും പരാമര്‍ശം ഉള്ളത്.


Also Read: മന്ത്രിമാര്‍ക്ക് കഴിവില്ലെന്ന് വ്യക്തമായതിനായലാണ് പുന:സംഘടന; വിമര്‍ശനവുമായി കോണ്‍ഗ്രസ്


സൗത്ത് ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ പേരു പരാമര്‍ശിക്കുന്നിടത്താണ് ജഗ്ഗി വാസുദേവിനൊപ്പം അമൃതാനന്ദമയിയെക്കുറിച്ചും പറയുന്നത്. ആര്‍.എസ്.എസിന്റെ തണലിലാണ് അമൃതാനന്ദമയി തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നതെന്നാണ് ലേഖനത്തിലെ പരാമര്‍ശം.

 

കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തില്‍ അമൃതാനന്ദമയിക്കെതിരായ ഇപ്പോഴത്തെ സി.പി.ഐ.എം നിലപാടിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഭരണ സംവിധാനങ്ങള്‍ ഇനി ഏത് തരത്തിലാകും അമൃത മഠത്തെയും മഠത്തിനെക്കുറിച്ചുയര്‍ന്ന വിവാദങ്ങളെയും നോക്കികാണുക എന്നത് തന്നെയാണ് ഇതില്‍ പ്രാധാന്യം.

നേരത്തെ സി.പി.ഐ.എം അനുകൂല ചാനല്‍ എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന വിദേശ യുവതിയുമായി അമേരിക്കയില്‍ വച്ച് നടത്തിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു.

പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സി.പി.ഐ.എം അമൃതാനന്ദമയി മഠത്തിനെതിരെ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. രാജ്യത്തെ ആള്‍ദൈവങ്ങള്‍ ഭരണതണലില്‍ അനുഭവിക്കുന്ന വിവിധ സൗകര്യങ്ങളെക്കുറിച്ചും വിവാദമായ സംഭവങ്ങളെക്കുറിച്ചും പറയുന്ന ലേഖനത്തില്‍ ചെറിയൊരു ഭാഗത്ത് മാത്രമേ അമൃത മഠം കടന്നു വരുന്നുള്ളുവെങ്കിലും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി മുഖപത്രത്തിലാണ് ലേഖനം എന്നത് കേരളത്തിലെ ഭരണ സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.


Dont Miss: ‘എന്റെ നിറം കാവിയല്ല’; പിണറായിയുടെത് ‘ഗ്രേറ്റ് സര്‍ക്കാര്‍’; തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസന്‍


ഗുര്‍മീത് റാം റഹീമും ഖട്ടാര്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധവും ആസാറാം ബാപ്പു ഗുജറാത്തില്‍ ആശ്രമം കെട്ടിപ്പടുത്ത കാര്യങ്ങളും ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും മോദി ഭരണത്തണലിലെ പ്രവര്‍ത്തനങ്ങളുമാണ് “ബി.ജെ.പിയും ആള്‍ദൈവങ്ങളും തമ്മിലുള്ള ബന്ധം” എന്ന ലേഖനത്തില്‍ പറയുന്നത്.

സൗത്ത് ഇന്ത്യയിലെ ആള്‍ദൈവക്കൂട്ടങ്ങളില്‍പ്പെടുന്ന ജഗ്ഗി വാസുദേവ് കോയമ്പത്തൂരില്‍ ഭൂമി കയ്യേറിയതായും കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച ശിവക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിഷയവും ലേഖനം പറയുന്നുണ്ട്. ബി.ജെ.പി, ആര്‍.എസ്.എസ് സര്‍ക്കാറുകളുടെ പിന്തുണയാണ് ആത്മീയ വ്യാപാര കച്ചവടം കൊഴുപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നതെന്നും സി.പി.ഐ.എം മുഖപത്രം കുറ്റപ്പെടുത്തുന്നു.

ഇതു കഴിഞ്ഞുള്ള ഭാഗത്താണ് കേരളത്തിലെ ആള്‍ദൈവ മഠത്തെയും ആര്‍.എസ്.എസ് ബന്ധത്തെയും കുറിച്ച് പറയുന്നത്. സി.പി.ഐ.എം നിലപാടുകളാണ് മുഖപത്രത്തിലൂടെ പുറത്ത് വരികയെന്നിരിക്കെ അമൃതാനന്ദമയിക്കെതിരായ നിലപാടുകള്‍ അവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസുകളില്‍ ശരിയായ അന്വേഷണത്തിന് വഴിതെളിയിച്ചേക്കും.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അമൃതാനന്ദമയി മഠത്തില്‍ വച്ച് അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സത്‌നാം സിംഗിന്റെ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ നിര്‍ണ്ണായകമായേക്കും.

മര്‍ദ്ദനമേറ്റ പരിക്കുകളോടെയായിരുന്നു സത്‌നാം സിങ്ങെന്ന 23 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ വച്ചായിരുന്നു ഇയാള്‍ മരണപ്പെടുന്നത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ഹര്‍ജി പരിഗണനയില്‍ വന്നപ്പോഴെല്ലാം അഡ്വക്കേറ്റ് ജനറലും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഇടപെട്ട് തടസവാദങ്ങള്‍ ഉന്നയിച്ച് 45 തവണ കേസ് മാറ്റിവെപ്പിച്ചിരുന്നു.

 


You Must Read This: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കേസില്‍ പിണറായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചാല്‍ വാദങ്ങള്‍ വേഗത്തില്‍ നടക്കുകയും മരണത്തില്‍ അന്വേഷണം ഉണ്ടാവുകയും ചെയ്യും. സിഖ് കാരനായ സത്‌നാം സിങ്ങ് “ബിസ്മില്ലാഹറഹിം” എന്ന മുസ്ലിം പ്രാര്‍ത്ഥനാമന്ത്രം മഠത്തില്‍ നിന്നു ഉച്ചരിച്ചതിന്റെ പേരില്‍ അമൃതാനന്ദമയിയുടെ അനുയായികള്‍ തല്ലികൊല്ലുകയായിരുന്നെന്ന് മരണത്തിനു പിന്നാലെ ആരോപണം ഉയര്‍ന്നിരുന്നു.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ആള്‍ദൈവങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അമൃത മഠവും ഉള്‍പ്പെട്ട സാഹചര്യത്തില്‍ അമൃത മഠത്തിനെതിരായ ആരോപണങ്ങളെല്ലാം വീണ്ടും ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.