കെ.എം ഷഹീദ്
ഇടത് രാഷ്ട്രീയ പക്ഷത്ത് നിന്ന് ശക്തമായ സി.പി.ഐ.എം വിമര്‍ശനം നടത്തുന്ന വാരികയാണ് ജനശക്തി. ജി.ശക്തിധരന്‍ പത്രാധിപരായി തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന വാരിക സംസ്ഥാനത്തെ ഇടത്-പൊതു രാഷ്ട്രീയത്തില്‍ ശക്തമായ ചര്‍ച്ചകള്‍ ഉയര്‍ത്തിവിടുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. എന്നാല്‍ വാരിക പ്രവര്‍ത്തനം തുടങ്ങിയ സമയത്ത് തന്നെ അതിന്റെ പ്രവര്‍ത്തനം തടയാന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പോലും കഴിയാത്ത തരത്തില്‍ ജനശക്തി വാരിക സി.പി.ഐ.എം വിമര്‍ശനം നടത്താന്‍ തുടങ്ങിയതോടെ അത് പാര്‍ട്ടിക്ക് വലിയ തലവേദനയാവുകയായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും നേതാക്കളുടെ രാഷ്ട്രീയ-ധാര്‍മ്മിക അപചയങ്ങളും പുറത്തുവന്നതോടെ ജനശക്തി നോട്ടപ്പുള്ളിയായി. ജനശക്തിയിലെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാന്‍ തുടങ്ങിയതാണ് പാര്‍ട്ടിക്ക് ഏറെ പ്രശ്‌നമുണ്ടാക്കിയത്. ജനശക്തിയുടെ കഴിഞ്ഞ ലക്കത്തിലെ എ.ഡി.ബി. വായ്പയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ജനശക്തി വാരികയുടെ പോസ്റ്റല്‍ രജിസ്‌ട്രേഷന്‍ തടഞ്ഞുകൊണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനമെടുത്തിരിക്കയാണ്. വ്യക്തമായ കാരണങ്ങള്‍ കാണിക്കാതെ വാരികയുടെ പ്രവര്‍ത്തനം തകര്‍ക്കാന്‍ നടന്ന ഈ ശ്രമത്തിന് പിന്നില്‍ പോസ്റ്റര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സി.പി.ഐ.എം അനുകൂല തൊഴിലാളി സംഘടനയാണെന്ന് ജനശക്തി പത്രാധിപര്‍ പറയുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടിയെത്തുടര്‍ന്ന് വാരികയുടെ വിതരണം നിലച്ചിരിക്കയാണ്. പോസ്റ്റല്‍ വിതരണം നിലച്ച സാഹചര്യത്തില്‍ അടുത്തയാഴ്ച പുറത്തിറങ്ങേണ്ട വാരികയുടെ പ്രിന്റിങ് നടപടികളും നിര്‍ത്തിവെച്ചിരിക്കയാണ്. ജനശക്തി വാരികയുടെ വിതരണം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ത്തിവെച്ചതിന് കാരണമെന്താണെന്നതിനെക്കുറിച്ച് വാരിക പത്രാധിപര്‍ ജി ശക്തിധരന്‍ വിശദീകരിക്കുന്നു…
പോസ്റ്റല്‍ വകുപ്പിന്റെ നടപടിക്ക് പിന്നില്‍ സി.പി.ഐ.എം: ജി ശക്തി ധരന്‍
ജനശക്തി വാരികയുടെ വിതരണം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ത്തിവെക്കാനുള്ള സാഹചര്യം?
ജനശക്തി വാരികയുടെ പോസ്റ്റല്‍ രജിസ്‌ട്രേഷനുകള്‍ അതാത് സമയത്ത് പുതുക്കുകയാണ് പതിവ്. 2006 ല്‍ എടുത്ത രജിസ്‌ട്രേഷന്‍ 2009ല്‍ പുതുക്കി. 2009 മുതല്‍ 2011 വരെയുള്ള രജിസ്‌ട്രേഷന്‍ കാലാവധി കഴിയാറായപ്പോഴാണ് വീണ്ടും പുതുക്കാന്‍ അപേക്ഷ നല്‍കിയത്. 2012 മുതല്‍ 2014 വരെയുള്ള രജിസ്‌ട്രേഷന്‍ അപേക്ഷയാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയത്. 2011 സെപ്തംബര്‍ 30നുള്ളിലായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്. തങ്ങള്‍ സെപ്തംബര്‍ 28ന് തന്നെ അപേക്ഷ നല്‍കി. ഡിസംബര്‍ 15 ഓടെ രജിസ്‌ട്രേഷന്‍ പുതുക്കിയ അറിയിപ്പ് പ്രസിദ്ധീകരണങ്ങള്‍ക്ക് അയയ്ക്കണമെന്നാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നയം. എന്നാല്‍ രജിസ്‌ട്രേഷന്‍ പുതുക്കിയതായുള്ള അറിയിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചില്ല. എന്നാല്‍ അന്നൊന്നും വിഷയത്തെ ഞങ്ങള്‍ ഗൗരവത്തില്‍ സമീപിച്ചിരുന്നില്ല.
എന്നാല്‍ പിന്നീട് ജനശക്തി പോസ്റ്റല്‍ വിതരണം നടത്താന്‍ ഇനി മുതല്‍ കഴിയില്ലെന്ന് കാണിച്ച് ജനുവരി 20 ഓടെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കത്ത് ലഭിക്കുകയായിരുന്നു. ഇതിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞ കാരണമാണ് ഏറ്റവും രസകരം. ആര്‍.എന്‍.ഐ സര്‍ട്ടിഫിക്കറ്റില്‍ ജനശക്തി പ്രസിദ്ധീകരിക്കുന്നത് തിരുവനന്തപുരത്ത് വെച്ചാണെന്നാണ് പറയുന്നതെന്നും, എന്നാല്‍ ആര്‍.എന്‍.ഐ വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത് കൊച്ചി ജില്ലയില്‍ വെച്ചാണ് പ്രസിദ്ധീകരിക്കുന്നതെന്നുമാണ്. (കൊച്ചി ജില്ല എന്നെഴുതിയതിലൂടെ തന്നെ ആര്‍.എന്‍.ഐയുടെ ഇക്കാര്യത്തിലുള്ള ശ്രദ്ധ എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്)
ആര്‍.എന്‍.ഐ സര്‍ട്ടിഫിക്കറ്റിലും വെബ്‌സൈറ്റിലുമുള്ള ഈ വൈരുദ്ധ്യം കാരണം ജനശക്തിയുടെ പോസ്റ്റല്‍ രജിസ്‌ട്രേഷന്‍ മൂന്ന് വര്‍ഷത്തേക്ക് പുതുക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു. ആര്‍.എന്‍.ഐയില്‍ വന്ന പിഴവിന് കാരണം ജനശക്തിയാണെന്ന് കാണിച്ചാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കത്തയച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ക്കൂടി ജനശക്തി കണ്‍സെഷനോടു കൂടി ജനശക്തി വിതരണം ചെയ്യാമെന്നും അതിനുള്ളില്‍ ആര്‍.എന്‍.ഐ രജിസ്‌ട്രേഷന്‍ തിരുവനന്തപുരത്താണെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നുമാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ആര്‍.എന്‍.ഐ രജിസ്‌ട്രേഷന്‍ തിരുവനന്തപുരത്ത് തന്നെയാണ് ഇപ്പോഴുമുള്ളത്. വെബ്‌സൈറ്റില്‍ കൊച്ചി ജില്ലയെന്ന് തെറ്റായി രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. ഇക്കാര്യം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ലഭിച്ച മറുപടി.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് രാഷ്ട്രീയ വിരോധം പ്രകടിപ്പിക്കുകയാണെന്നും തങ്ങള്‍ അയക്കുന്ന കത്തുകളും മറ്റും മടങ്ങിവരികയാണെന്നും ഇക്കാര്യങ്ങള്‍ പരാതിപ്പെട്ടിട്ട് നടപടിയെടുക്കുന്നില്ലെന്നും കാണിച്ച് ഞങ്ങള്‍ തിരുവനന്തപുരം പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ക്ക് പരാതി നല്‍കി. പരാതി നല്‍കാന്‍ പോയപ്പോള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വളരെ പരുക്കമായാണ് പെരുമാറിയത്. പരാതിയെക്കുറിച്ച് നോക്കാം എന്നാണ് മറുപടി ലഭിച്ചത്.
എന്നാല്‍ പരാതി കൊടുത്തതിന്റെ പ്രതികാരമെന്നോണം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വീണ്ടും കത്തുവന്നു. ജനുവരി, ഫ്രിബ്രുവരി മാസങ്ങളില്‍ ഇറങ്ങിയ ജനശക്തി വാരികയില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വെച്ചുവെന്നും അതിന് പിഴയായി ഈ ലക്കങ്ങളുടെ മുഴുവന്‍ പ്രിന്റിങ് തുകയും 72 മണിക്കൂറിനുള്ളില്‍ കെട്ടിവെക്കണമെന്നും കാണിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ വെക്കരുതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അതുവരെ തങ്ങളോട് പറഞ്ഞിരുന്നില്ല. അങ്ങിനെ പറഞ്ഞിരുന്നുവെങ്കില്‍ നമ്പര്‍ പ്രിന്റ് ചെയ്യില്ലായിരുന്നുവെന്ന് കാണിച്ച പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് തിരിച്ച് മറുപടി കൊടുക്കുകയായിരുന്നു.
പിന്നില്‍ സി.പി.ഐ.എം ആണെന്ന് ആരോപിക്കാനുള്ള കാരണം?
സി.പി.ഐ.എം അനുകൂല തൊഴിലാളി യൂണിയനാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത്. യൂണിയനില്‍പ്പെട്ട പലരും ജനശക്തിയുടെ വരിക്കാരാണ്. എന്നാല്‍ പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ വക്താക്കളാണ് അതിലെ നേതാക്കള്‍. ഇവരെ ഉപയോഗിച്ചാണ് സി.പി.ഐ.എം ജനശക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദേശീയ പണിമുടക്കില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയും ബി.എസ്.എന്‍.എല്ലിലെയും ഇടത് തൊഴിലാളി യൂണിയനുകള്‍ മാനേജ്‌മെന്റിന് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നില്ല. മാനേജ്‌മെന്റിനെ പ്രീണിപ്പിക്കാനായിരുന്നു ഇത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സ്ഥലം മാറ്റവും പ്രൊമോഷനും വരെ നിര്‍ണ്ണയിക്കുന്നത് ഈ യൂണിയനാണ്. യൂണിയന്‍ നിര്‍ദേശമനുസരിച്ചേ തലപ്പത്തുള്ളവരും പ്രവര്‍ത്തിക്കൂ എന്ന സ്ഥിതിയാണിവിടെയുള്ളത്. പിറവം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും ജനശക്തി വിതരണം തടയുകയെന്നതാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ലക്കത്തില്‍ എ.ഡി.ബി വിഷയത്തില്‍ ജനശക്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സി.പി.ഐ.എമ്മിന് വലിയ തലവേദനയുണ്ടാക്കിയിട്ടുണ്ട്.
വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഡിസംബറില്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാതിരുന്നപ്പോള്‍ തന്നെ അത് തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ജനശക്തിയുടെ തുടക്കം മുതല്‍ തന്നെ വാരികയെ തകര്‍ക്കാന്‍ സി.പി.ഐ.എം ശ്രമം നടത്തുന്നുണ്ട്. പോസ്റ്റല്‍ ഡി്പ്പാര്‍ട്ട്‌മെന്റിലെ യൂണിയന്‍ നേതാക്കളെ ഉപയോഗിച്ച് വാരികയുടെ വരിക്കാരുടെ ലിസ്‌റ്റെടുക്കുകയാണ് ആദ്യം സി.പി.ഐ.എം ചെയ്തത്. ആരൊക്കെയാണ് ജനശക്തി വാങ്ങുന്നത്, അതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടോ എന്നൊക്കെ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ജനശക്തി വായിക്കുന്നത് പാര്‍ട്ടി അച്ചടക്ക ലംഘനമായാണ് സി.പി.ഐ.എം കണ്ടത്. എന്നാല്‍ മറ്റു പല വിലാസങ്ങളിലും ജനശക്തി വരുത്തിച്ച് വായിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴുമുണ്ട്.
അയക്കുന്ന കോപ്പികള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നഷ്ടപ്പെടുന്ന സ്ഥിതി നേരത്തേതന്നെയുണ്ടായിരുന്നു. ഇത് വ്യാപകമായപ്പോള്‍ തപാലിലെ ബിസിനസ് പോസ്റ്റ് വഴിയാക്കി ജനശക്തിയുടെ വിതരണം. ജനശക്തിക്ക് മാത്രമായി പ്രത്യേക ബോക്‌സിലാണ് മാസിക ഓരോ ജില്ലകളിലേക്കും അയക്കുക. അങ്ങിനെയാവുമ്പോള്‍ വാരിക നഷ്ടമാകുന്നത് ഒരു പരിധി വരെ ഒഴിവായിരുന്നു. എന്നാല്‍ അതും തടയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അടുത്തിയെ പാലക്കാട്ടെ പി.എം ദിവാകരന്‍ എന്ന വ്യക്തിക്ക് ജനശക്തിയില്‍ നിന്നയച്ച കത്ത് തിരിച്ചുവന്നിരുന്നു. ആള്‍ വീട്ടില്‍ ഉണ്ടായിരിക്കെയാണ് കത്ത് തിരിച്ചുവന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദിവാകരന്‍ പി.എം.ജിക്ക് പരാതി നല്‍കിയിരുന്നു. ഇതുവരെ അതിന് മറുപടി ലഭിച്ചിട്ടില്ല. നിരവധി കത്തുകളും മറ്റും ഇങ്ങിനെ നഷ്ടപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് ജനശക്തി വാരിക പോസ്റ്റല്‍ വഴി പോകാന്‍ വലിയ പ്രയാസമാണ്. ചെന്നൈയില്‍ നിന്നും മറ്റും ആളുകള്‍ വിളിച്ച് നിരന്തരം പരാതിപ്പെടുന്നുണ്ട്.
ഏറ്റവും കൂടുതല്‍ പ്രശ്‌നം അനുഭവിക്കുന്നത് കണ്ണൂര്‍,വയനാട് ജില്ലകളിലാണ്. ഇവിടെ ലൈബ്രറികളിലും മറ്റും ജനശക്തി വരുന്നത് ഇവര്‍ ഇടപെട്ട് തടയുന്നുണ്ട്. ഇങ്ങിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഒത്താശയോടെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വാരികയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആദ്യമായിട്ടായിരിക്കും.
ഇതിനെ എങ്ങിനെ നേരിടാനാണ് ഉദ്ദേശിക്കുന്നത്?
അന്യായമായി തങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കയാണ്. ശേഷം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും
പാര്‍ലിമെന്റിലെ പോസ്റ്റല്‍ കാര്യങ്ങള്‍ പരിശോധിക്കുന്ന കമ്മിറ്റിക്കും പരാതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

