ആര്‍.എസ്.എസിനെ പ്രീതിപ്പെടുത്തല്‍ നാണംകെട്ട പ്രവര്‍ത്തിയെന്ന് സി.പി.ഐ.എം; വിരമിക്കല്‍ തടയാനെന്ന് കോണ്‍ഗ്രസ്
India
ആര്‍.എസ്.എസിനെ പ്രീതിപ്പെടുത്തല്‍ നാണംകെട്ട പ്രവര്‍ത്തിയെന്ന് സി.പി.ഐ.എം; വിരമിക്കല്‍ തടയാനെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th August 2025, 1:18 pm

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ ആര്‍.എസ്.എസിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും.

മോദിയുടെ പ്രസംഗം ലജ്ജാകരവും അസ്വീകാര്യവുമാണെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും നിരോധിക്കപ്പെട്ട ഒരു വിഭാഗീയ സംഘടനയെ മോദി പ്രോത്സാഹിപ്പിക്കുന്നുവെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.

ഒരു ചരിത്ര സന്ദര്‍ഭത്തെ അധിക്ഷേപിക്കുകയാണ് പ്രധാനമന്ത്രിയെന്നും സ്വാതന്ത്ര്യദിനം വര്‍ഗീയ സംഘടനകളെ പ്രശംസിക്കാന്‍ ദുരുപയോഗം ചെയ്‌തെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.

മോദിയുടെ ആര്‍.എസ്.എസ് പ്രശംസയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ആര്‍.എസ്.എസിനെ പ്രീതിപ്പെടുത്തുന്നത് സ്വന്തം വിരമിക്കല്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

‘ആര്‍.എസ്.എസിനെ പ്രീതിപ്പെടുത്തി 2025 സെപ്റ്റംബര്‍ 17-ന് വിരമിക്കുന്നതിനുള്ള പദ്ധതി തടയുകയാണ് മോദിയുടെ നീക്കം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തത്.

75 വയസായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മുന്‍ പ്രസ്താവന മുന്‍നിര്‍ത്തിയായിരുന്നു ഈ വിമര്‍ശനം.

ഇക്കഴിഞ്ഞ ജൂലായില്‍ നാഗ്പുരില്‍ ആര്‍.എസ്.എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

75 വയസ്സ് തികഞ്ഞ് ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായി മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് ഓര്‍മപ്പെടുത്തിയായിരുന്നു അന്ന് ഭാഗവതിന്റെ പരാമര്‍ശം.

രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്നും ഭാഗവത് പറഞ്ഞിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 17 ന് മോദിക്ക് 75 വയസ് തികയും.

ആര്‍.എസ്.എസ് അംഗങ്ങള്‍ രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചെന്നും 100 വര്‍ഷത്തെ ആര്‍.എസ്.എസ് സേവനത്തെ സല്യൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

‘ഒരു തരത്തില്‍ ആര്‍.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ ആണ്. അതിന് 100 വര്‍ഷത്തെ സമര്‍പ്പണ ചരിത്രമുണ്ട്. ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍ എനിക്ക് അഭിമാനമുണ്ട്.

100 നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സംഘടന പിറന്നു, അതിനെ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്നാണ് വിളിച്ചിരുന്നത്. അവര്‍ എല്ലായ്‌പ്പോഴും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു. സമൂഹത്തിന്റെ ക്ഷേമം ഹൃദയത്തില്‍ കരുതി വ്യക്തിയെ കെട്ടിപ്പടുക്കുന്നതിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു അവരുടെ ഒരു നൂറ്റാണ്ട് നീണ്ട യാത്ര.

ഭാരത മാതാവിന്റെ ക്ഷേമം ലക്ഷ്യമിട്ട് വ്യക്തി വികസനത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമര്‍പ്പിച്ചു,’ എന്നായിരുന്നു മോദി പറഞ്ഞത്.

Content highlight: CPIM and Congress Criticise Modis RSS Praise