തിരുകേശം; പുതിയ സത്യവാങ്മൂലത്തിന് പിന്നില്‍ മുസ്‌ലീം ലീഗ്: സി.പി.ഐ.എം
Kerala
തിരുകേശം; പുതിയ സത്യവാങ്മൂലത്തിന് പിന്നില്‍ മുസ്‌ലീം ലീഗ്: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th October 2013, 11:17 am

[]മലപ്പുറം: തിരുകേശ വിവാദത്തില്‍ ലീഗിനെതിരെ സി.പി.ഐ.എം. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ലീഗിന്റെ നീക്കമാണ് സര്‍ക്കാര്‍ നിലപാട് മാറ്റത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.

വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ലീഗിന്റെ നീക്കം. തിരുമുടിയില്‍ സര്‍ക്കാര്‍ സമസ്തയ്ക്ക് നല്‍കിയ ഉറപ്പിന് പിന്നാലെ സത്യവാങ്മൂലവും തിരുത്തി. സി.പി.ഐ.എം ആരോപിച്ചു.

എന്നാല്‍ അഡീഷണല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് നിയമപരമായ കാര്യമാണെന്നും അതില്‍ ലീഗ് ഇടപെട്ടിട്ടില്ലെന്നും മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് തിരുകേശ വിവാദത്തില്‍ അന്വേഷണം ആകാമെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. തിരുകേശത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാമെന്നും തിരുകേശവുമായി ബന്ധപ്പെട്ട് പള്ളിനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

തിരുകേശ വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ സമസ്ത രംഗത്തെത്തിയിരുന്നു. സമസ്തയുടെ സമ്മര്‍ദ്ദം മൂലമാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നാണ് അറിയുന്നത്.

കാന്തപുരത്തിന്റെ കൈവശമുള്ള മുടിയുടെ യാഥാര്‍ഥ്യത്തെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും  അത് അനാവശ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുമെന്നുമായിരുന്നു നേരത്തെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.