തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന് പിന്നാലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന് സി.പി.ഐ.എമ്മിന്റെ പരസ്യശാസന. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചരണത്തില്‍ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്.
എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍.

