ചണ്ഡീഗഡ്: മുന്നോക്ക സംവരണ നയത്തില്‍ നിന്ന് പിന്മാറി സി.പി.ഐ. ഇതുസംബന്ധിച്ച ഭേദഗതി പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. സാമ്പത്തിക അവസ്ഥ സംവരണവുമായി കൂട്ടിക്കുഴക്കേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്.
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കും സംവരണം വേണമെന്ന വരി പാര്‍ട്ടി നയത്തില്‍ നിന്ന് സി.പി.ഐ എടുത്തുകളഞ്ഞു. സംവരണം സാമൂഹിക നീതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സി.പി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
സംവരണവുമായി ബന്ധപ്പെട്ട നയം സി.പി.ഐ പിന്നീട് തീരുമാനിക്കും. മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നതിനെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ നിലപാട് പാര്‍ട്ടിയുടെ അടിസ്ഥാന നയത്തിന് തന്നെ എതിരാണെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുന്‍ മന്ത്രി കൂടിയായ വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി നിലപാടിനെതിരെ രംഗത്തുണ്ടായിരുന്നത്. 2015ലെ പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി.ഐ സാമ്പത്തിക സംവരണത്തിന് അനുകൂലമായ നയം സ്വീകരിച്ചത്. നിലവില്‍ ഈ നയത്തില്‍ സി.പി.ഐ മാറ്റം വരുത്തിയിരിക്കുകയാണ്.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണം നല്‍കുന്നതാണ് സാമ്പത്തിക സംവരണം. 2019 ജനുവരിയില്‍ ഭരണഘടനയിലെ 103-ാം ഭേദഗതിയായാണ് പാര്‍ലമെന്റ് സാമ്പത്തിക സംവരണം പാസാക്കിയത്.
ഇതിലൂടെ ഭരണഘടനയുടെ 15, 16 ആര്‍ട്ടിക്കിളുകളാണ് ഭേദഗതി ചെയ്തത്. ഇത് അനുസരിച്ച് എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ലഭിക്കാത്തതും വാര്‍ഷിക വരുമാനം എട്ടുലക്ഷം രൂപയില്‍ താഴെയുള്ളവരുമായ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ട്.
ജനറല്‍ വിഭാഗത്തിന് നീക്കിവെച്ചിട്ടുള്ള 50 ശതമാനത്തില്‍ നിന്നാണ് സാമ്പത്തിക സംവരണത്തിനുള്ള പത്ത് ശതമാനം ഒഴിവുകള്‍ രേഖപ്പെടുത്തുന്നത്.
അതേസമയം സാമ്പത്തിക സംവരണം ആദ്യമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. വിദ്യാഭ്യാസ മേഖലയിലും പി.എസ്.സിയിലും സാമ്പത്തിക സംവരണം നടപ്പിലാക്കിവരുന്നുണ്ട്. മെഡിക്കല്‍, എഞ്ചിനീയറിങ് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും സാമ്പത്തിക സംവരണം നടപ്പിലാക്കിയിട്ടുണ്ട്.
Content Highlight: CPI withdraws from economic reservation policy