ഏത് സ്വാമി? ജമാഅത്തെ ഇസ്‌ലാമി യു.ഡി.ഫിന്റെ ഭാ​ഗമായപ്പോൾ അതിനെ പ്രതിരോധിക്കാൻ ഹിന്ദു മഹാസഭയെ എല്‍.ഡി.എഫുമായി ബന്ധപ്പെടുത്തുന്നു: എം.വി ​ഗോവിന്ദൻ
Kerala News
ഏത് സ്വാമി? ജമാഅത്തെ ഇസ്‌ലാമി യു.ഡി.ഫിന്റെ ഭാ​ഗമായപ്പോൾ അതിനെ പ്രതിരോധിക്കാൻ ഹിന്ദു മഹാസഭയെ എല്‍.ഡി.എഫുമായി ബന്ധപ്പെടുത്തുന്നു: എം.വി ​ഗോവിന്ദൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th June 2025, 7:45 pm

 

കോഴിക്കോട്: ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പിന്തുണ പ്രഖ്യാപിച്ചുവെന്ന് പറയുന്ന സന്ന്യാസി ആരാണെന്നും അത്തരത്തിൽ ഒരു സ്വാമിയും തന്നെ സമീപിച്ചിട്ടില്ലെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയുടെ പേര് യു.ഡി.ഫ് മുന്നണിയുടെ ഭാ​ഗമായി വന്നപ്പോൾ പ്രതിരോധിക്കാൻ വേണ്ടി ഹിന്ദു മഹാസഭയുടെ പേര് എല്‍.ഡി.എഫുമായി ബന്ധപ്പെടുത്തുകയാണെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

തന്നെ കാണാൻ ആരും വന്നിട്ടില്ലെന്നും ഹിന്ദു മഹാസഭ ഏതാണ് പണ്ടത്തെ സവർക്കറുടേതാണോയെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ഒരു മുന്നണിയുമായും ബന്ധമില്ലെന്നും തങ്ങൾക്ക് അങ്ങനെ ആരെയും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണെന്നറിയാതെ പിന്തുണ വേണ്ടെന്നെങ്ങനെ പറയുമെന്നും ഏത് സ്വാമിയാണെന്ന് അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആരോടും പിന്തുണക്കാൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ് തന്റെ പിന്തുണ യു.ഡി.ഫ് സ്ഥാനാർത്ഥി ഷൗക്കത്തിനു നൽകുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. കാരണമായി പറയുന്നത് ഷൗക്കത്തും ബാപ്പ ആര്യാടനും സനാതനി ആണെന്നും അഭ്യൂഹങ്ങളുണ്ട്. എല്‍.ഡി.എഫിന് പിന്തുണ നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

വിഷയത്തിൽ എല്‍.ഡി.എഫ് നേതാവ് എ. വിജയരാഘവനും പ്രതികരിച്ചിരുന്നു. ഹിന്ദുമഹാസഭ ഇപ്പോൾ ഉണ്ടോയെന്ന് പോലും അറിയില്ലെന്നും ഇല്ലാത്ത സംഘടനയുടെ പിന്തുണയെ കുറിച്ച് മറുപടി പറയുന്നത് അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ അപകടകരമായ ഐക്യം രൂപപ്പെട്ടിരിക്കുന്നുവെന്നും ഇത് കേരളത്തിന്റെ ഭാവിക്ക് പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: CPI(M) State Secretary M.V. Govindan responded to the news that the Hindu Mahasabha had announced support for the LDF