സതീശന്റെ പുതുയുഗ യാത്ര ലക്ഷ്യത്തിലെത്തി; മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ സരിന്‍
Kerala News
സതീശന്റെ പുതുയുഗ യാത്ര ലക്ഷ്യത്തിലെത്തി; മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ സരിന്‍
ആദര്‍ശ് എം.കെ.
Saturday, 21st February 2026, 2:23 pm

കോഴിക്കോട്: മഹിളാ കോണ്‍ഗ്രസ് നേതാവും 2021ലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ആര്‍. രശ്മി ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പരിഹാസവുമായി സി.പി.ഐ.എം നേതാവ് പി. സരിന്‍. സതീശന്റെ പുതുയുഗ യാത്ര ലക്ഷ്യത്തിലെത്തിച്ചേര്‍ന്നുവെന്നാണ് സരിന്റെ പരിഹാസം.

പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയുടെ ഭാഗമായുള്ള പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പെയ്‌നിലെ രശ്മിയുടെ ചിത്രവും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പവുമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു സരിന്റെ വിമര്‍ശനം.

‘സതീശന്റെ പുതുയുഗ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നതായി അറിയിക്കുന്നു. എന്തുകൊണ്ടാണ് ബി.ജെ.പി കേരളയാത്ര നടത്താത്തത് എന്ന് ഇനി ആരും സംശയിക്കരുത്,’ എന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സരിന്‍ പരിഹസിച്ചു.

അതേസമയം, മാരാര്‍ജി ഭവനില്‍ വെച്ച് രാജീവ് ചന്ദ്രശേഖറില്‍ നിന്നും ആര്‍. രശ്മി ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

താന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയില്‍ നിന്ന് തിക്താനുഭവം ഉണ്ടായതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് അകന്നതെന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് ശേഷം രശ്മി പറഞ്ഞു.

അതേസമയം, വരുന്ന തെരഞ്ഞെടുപ്പില്‍ രശ്മി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

സി.പി.ഐ.എമ്മില്‍ നിന്നും ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ ഭാഗമായതിന് പിന്നാലെയാണ് രശ്മിയുടെ പാര്‍ട്ടി മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

ഐഷാ പോറ്റിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് രശ്മി കോണ്‍ഗ്രസിന് മുമ്പില്‍ വെച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഇടപെട്ട് തീര്‍ക്കണം, യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ പദവി എന്നിവയാണ് ആവശ്യങ്ങള്‍.

എന്നാല്‍ രണ്ട് ആവശ്യങ്ങളോടും കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷവും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന് രശ്മി പാര്‍ട്ടിയെ അറിയിച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

മധ്യസ്ഥ ചര്‍ച്ചകള്‍ സജീവമാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കിടെയാണ് രശ്മി ബി.ജെ.പി പാളയത്തിലെത്തുന്നത്.

 

Content Highlight: CPI(M) leader P. Sarin mocks R. Rashmi for joining BJP

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.