ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുമ്പോഴും ഡി.എം.കെയുമായുള്ള സീറ്റ് വിഭജനത്തിൽ സമവായത്തിലെത്താതെ സി.പി.ഐ.എം.
ജനറൽ സെക്രട്ടറി എം.എ ബേബിയുടെ സാന്നിധ്യത്തിൽ ചെന്നൈയിലെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ടുനിന്ന ചർച്ചയിലും സീറ്റ് വിഭജനം തീരുമാനമായില്ല.
ഇന്നലെ രാവിലെ നടന്ന 15 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലും പിന്നീടുനടന്ന 80 അംഗങ്ങൾ പങ്കെടുത്ത സംസ്ഥാനകമ്മിറ്റിയോഗത്തിലും ഡി.എം.കെയുടെ വാഗ്ദാനം സ്വീകരിക്കുന്നതിനെക്കുറിച്ചും ഒറ്റയ്ക്ക് മത്സരിക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് സാധ്യതകൾ തേടുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
2021 ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം ആറ് സീറ്റുകളിലായിരുന്നു മത്സരിച്ചത് എന്നാൽ മക്കൾ നീതി മയ്യം അടക്കമുള്ള സഖ്യത്തിലേക്ക് വന്ന പുതിയ പാർട്ടികൾക്കും സീറ്റുകൾ നൽകേണ്ടിവന്നതിനാൽ സീറ്റിന്റെ എണ്ണം അഞ്ചായി കുറയ്ക്കുകയായിരുന്നു.
നിലവിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നേതൃതം എം.എ ബേബിയെ സമീപിച്ചതായും എന്നാൽ ഈ കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ബേബി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഡി.എം.കെയുടെ അഞ്ച് സീറ്റ് വാഗ്ദാനത്തിൽ സി.പി.ഐ.എം യോഗത്തിൽ കാര്യമായ ചർച്ചകൾ നടന്നു. ചെന്നൈയിൽ കുറഞ്ഞത് ഒരു സീറ്റും തിരുവള്ളൂർ, ചെങ്കൽപേട്ട് തുടങ്ങിയ അയൽ ജില്ലകളിൽ ഒരു സീറ്റെങ്കിലും അനുവദിച്ചാൽ ഈ നിർദേശം അംഗീകരിക്കാമെന്ന് പാർട്ടി അറിയിച്ചതായിയാണ് പുറത്തുവരുന്ന വിവരങ്ങൾ.
പെരമ്പൂർ, തിരുവൊട്ടിയൂർ, വേലച്ചേരി, വിരുഗമ്പാക്കം, പല്ലാവരം, മധുരവോയൽ എന്നിവയുൾപ്പെടെയുള്ള മണ്ഡലങ്ങളാണ് സി.പി.ഐ.എം മുൻഗണനാ മണ്ഡലങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ഈ മേഖലകളിൽ ചിലതിൽ പാർട്ടിക്ക് സാന്നിധ്യമുണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അതേസമയം ഡി.എം.കെ വല്യേട്ടനാകാൻ (big brother) ശ്രമിക്കുകയാണെന്നും ആരോപിച്ച് തമിഴക വാഴ്‌വുരിമൈ കച്ചി സ്ഥാപകനായ ടി. വേൽമുരുകൻ സഖ്യം വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
Content Highlight:CPI(M) fails to reach consensus in talks with DMK