പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി; ചോദ്യങ്ങള്‍ക്ക് തടയിട്ട കേന്ദ്രത്തിനെതിരെ സി.പി.ഐ.എം
India
പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി; ചോദ്യങ്ങള്‍ക്ക് തടയിട്ട കേന്ദ്രത്തിനെതിരെ സി.പി.ഐ.എം
രാഗേന്ദു. പി.ആര്‍
Monday, 9th February 2026, 4:24 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പി.എം കെയേഴ്സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിലക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം.

ഇത് പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും എക്‌സിക്യൂട്ടീവിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് സംരക്ഷിക്കാനുമുള്ള ധിക്കാരപരമായ ശ്രമാണെന്ന് സി.പി.ഐ.എം ദേശീയ നേതൃത്വം പറഞ്ഞു.

പൊതുപണം കൊണ്ട് ആരംഭിച്ച പി.എം കെയേഴ്സ് അടക്കമുള്ള ഫണ്ടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ വിലക്കിയതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ സുതാര്യതയില്ലായ്മയെ സ്ഥാപനവത്കരിക്കുകയാണെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പൊതുപണം വിനിയോഗിച്ചുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അറിയാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നിഷേധിക്കുന്നതെന്നും സി.പി.ഐ.എം പറഞ്ഞു.

ഇത്തരം ഫണ്ടുകള്‍ സ്വകാര്യമായി ഉപയോഗിക്കാനോ കള്ളപ്പണമായി വിനിയോഗിക്കാനോ കഴിയില്ലെന്നും സി.പി.ഐ.എം പ്രതികരിച്ചു. പൊതുഫണ്ടുകള്‍ പൊതുപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

പി.എം കെയേഴ്സ്, പി.എം നാഷണല്‍ റിലീഫ്, നാഷണല്‍ ഡിഫന്‍സ് ഫണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ലോക്‌സഭയില്‍ വിലക്കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റേതാണ് നടപടി. ഈ ഫണ്ടുകള്‍ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നല്ലാത്തതിനാല്‍ സര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്തമില്ലെന്നാണ് നടപടിയില്‍ പി.എം ഓഫീസ് നല്‍കുന്ന വിശദീകരണം.

ലോക്‌സഭാ ചട്ടങ്ങളിലെ 41(2) (vii), 41(2)(xvii) എന്നീ വകുപ്പുകള്‍ പ്രകാരം ചോദ്യങ്ങള്‍ക്ക് അനുമതിയില്ലെന്നും കേന്ദ്രം പറയുന്നു. സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലാത്തതോ സര്‍ക്കാരിന് പ്രാഥമിക ഉത്തരവാദിത്തം ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് നിര്‍ദേശം.

2020 മാര്‍ച്ച് ഏഴിനാണ് പി.എം കെയേഴ്സ് ആരംഭിക്കുന്നത്. കൊവിഡ് പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ പണം സ്വരൂപിക്കാനുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇത്.

പി.എം കെയേഴ്സ് മുഖേന കോടിക്കണക്കിന് രൂപ സര്‍ക്കാരിന് ശേഖരിക്കാനായിട്ടുണ്ട്. എന്നാല്‍ ഇതൊരു പബ്ലിക് അതോറിറ്റി അല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.

Content Highlight: CPI(M) against the Centre for blocking questions about PM Cares fund

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.