ജമ്മു കശ്മീരില്‍നിന്നുള്ളവരെ കൊണ്ട് പോലും വോട്ട് ചെയ്യിപ്പിക്കുമെന്ന് പറയാനുള്ള ധൈര്യത്തിന്റെ കാരണം ഇതാണ്: സുനില്‍ കുമാര്‍
Kerala
ജമ്മു കശ്മീരില്‍നിന്നുള്ളവരെ കൊണ്ട് പോലും വോട്ട് ചെയ്യിപ്പിക്കുമെന്ന് പറയാനുള്ള ധൈര്യത്തിന്റെ കാരണം ഇതാണ്: സുനില്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd August 2025, 2:10 pm

തൃശൂര്‍: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ കൈപ്പിടിയിലാണെന്നതിന്റെ വിശ്വാസത്തിന്റെ പുറത്താണ് ഇത്തരം പ്രസ്താവനകളെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

2023ല്‍ ഇലക്ഷന്‍ കമ്മീഷനെ നിശ്ചയിക്കുന്ന രീതി മാറുകയും അമിത് ഷായും മോദിയും ഒരുമിച്ചെടുക്കുന്ന തീരുമാനമായി അത് മാറുകയും ചെയതതോടെയാണ് ഈ മാറ്റം സംഭവിച്ചതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

ഇന്ന് ഇതൊരു പൊളിറ്റിക്കല്‍ അപ്പോയിന്‍മെന്റ് ആയി മാറിയിരിക്കുന്നെന്നും സ്വാഭാവികമായും അവരെ സംബന്ധിച്ച് ഭരണഘടനയല്ല യജമാനനെന്നും അവരുടെ പൊളിറ്റിക്കല്‍ അപ്പോയിന്‍മെന്റ് നടത്തിയിരിക്കുന്ന ആളുകളായിരിക്കും യജമാനന്മാരെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

‘ബി. ഗോപാലകൃഷ്ണന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ അദ്ദേഹം വളരെ നിഷ്‌ക്കളങ്കമായ ചില പ്രതികരണങ്ങള്‍ നടത്തു. ഇത് ബി.ജെ.പിയുടെ ഉള്ളില്‍ നിന്ന് വന്ന പ്രതികരണമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ പിന്‍ബലമായി ഉണ്ടെന്ന ഉറച്ച വിശ്വാസത്തില്‍ പറയുന്നതാണ്. ഇലക്ഷന്‍ കമ്മീഷന്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഒപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസത്തില്‍ നിന്നുണ്ടാകുന്ന പ്രതികരണമാണ് ഇത്.

സാധാരണമായി അങ്ങനെ ഇല്ല എന്നൊക്കെ പറയുന്ന ഘട്ടം കഴിഞ്ഞിരിക്കുന്നു. അതിലൊന്നും ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല എന്ന് ജനങ്ങള്‍ക്ക് തന്നെ തോന്നുമെന്ന മാനസികാവസ്ഥയിലാണ് അവര്‍.

നിയമങ്ങളും ഭരണഘടനയും ഉത്തരവാദിത്തങ്ങളും ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലാതായിരിക്കുന്നു. 2023ല്‍ ഇലക്ഷന്‍ കമ്മീഷനെ നിശ്ചയിക്കുന്ന രീതി മാറുകയും അമിത് ഷായും മോദിയും ഒരുമിച്ചെടുക്കുന്ന തീരുമാനമായി അത് മാറുകയും ചെയ്തു.

ഇവരാണ് ഇലക്ഷന്‍ കമ്മീഷനില്‍ ആര് ഇരിക്കണം എന്ന് നിശ്ചയിക്കുന്നത്. അങ്ങനെ വന്നതോടെ ഇതൊരു പൊളിറ്റിക്കല്‍ അപ്പോയിന്‍മെന്റ് ആയി മാറിയിരിക്കുന്നു. സ്വാഭാവികമായും അവരെ സംബന്ധിച്ച് ഭരണഘടനയല്ല യജമാനന്‍. അവരുടെ പൊളിറ്റിക്കല്‍ അപ്പോയിന്‍മെന്റ് നടത്തിയിരിക്കുന്ന ആളുകളായിരിക്കും അവരുടെ യജമാനനന്‍.

അതൊരു സ്വാഭാവികമായുള്ള പരിണിതിയാണ്. അതുകൊണ്ടാണല്ലോ ഇലക്ഷന്‍ കമ്മീഷന്‍ പ്രതിപക്ഷ നേതാവിനെ പറ്റി പറഞ്ഞതും ഭരണകക്ഷിയെ കുറിച്ച് മിണ്ടാഞ്ഞതും. അല്ലാതെ അവര്‍ക്ക് ഭരണകക്ഷി പ്രതിപക്ഷം എന്ന വ്യത്യാസം ഇല്ലല്ലോ. ഒരു സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ സ്വാധീനിക്കാന്‍ കഴിക്കാത്ത, പവര്‍ഫുള്ളായുള്ള എന്റിറ്റി ആണ് ഇലക്ഷന്‍ കമ്മീഷന്‍.

ആ പവര്‍ഫുള്ളായിട്ടുള്ള ഭരണഘടനാ സ്ഥാപനത്തെയാണ് ബി.ജെ.പി ഇപ്പോള്‍ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സ്ഥാപനമാക്കി മാറ്റിയിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഗോപാലകൃഷ്ണനെപ്പോലുള്ള ആളുകള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആളുകളെ കൊണ്ട് വന്ന് വോട്ട് ചേര്‍ത്തുമെന്ന് പറയുന്നത്,’ സുനില്‍ കുമാര്‍ പറഞ്ഞു.

ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്നായിരുന്നു ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

അത്തരത്തില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കുമെന്നും അത് നാളെയും ചെയ്യിക്കുമെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും.

ഇതൊരിക്കലും കള്ളവോട്ടല്ല. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം.

അത്തരത്തില്‍ ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കും. അതില്‍ ഒരു സംശയവും വേണ്ട.

തൃശ്ശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 2024-ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ടെന്നും അതില്‍ ധാര്‍മിക പ്രശ്നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്നമില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

തൃശൂരിലെ ബി.ജെ.പിയുടെ വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.

Content Highlight: CPI leader VS Sunil Kumar against B Gopalakrishnan Statement