'സവർക്കർ കോൺഗ്രസ് നേതാക്കളേക്കാൾ ത്യാഗം സഹിച്ചു; പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല' വാഴ്ത്തലിന് പിന്നാലെ സി.പി.ഐ നേതാവിന് സസ്പെൻഷൻ
Kerala
'സവർക്കർ കോൺഗ്രസ് നേതാക്കളേക്കാൾ ത്യാഗം സഹിച്ചു; പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല' വാഴ്ത്തലിന് പിന്നാലെ സി.പി.ഐ നേതാവിന് സസ്പെൻഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th August 2025, 6:56 pm

ആലപ്പുഴ: സവർക്കറെ പുകഴ്ത്തി സി.പി.ഐ നേതാവ്. സവർക്കരുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ദേശീയത ഊട്ടിയുറപ്പിച്ചിട്ടുള്ളയാളാണ് സവർക്കറെന്നും സി.പി.ഐ നേതാവ്. ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് ആണ് സവർക്കറെ പുകഴ്ത്തി വാട്സ്ആപ്പിൽ ശബ്ദസന്ദേശം അയച്ചത്.

സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സവർക്കർ അനുഭവിച്ച ത്യാഗം കോൺ​ഗ്രസ് നേതാക്കൾ പോലും അനുഭവിച്ചിട്ടില്ലെന്നുമാണ് ശുഹൈബ് പറഞ്ഞത്.

ചരിത്ര വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ലെന്നും സവർക്കർ അനുഭവിച്ച ത്യാഗം വലിയ കോൺഗ്രസ് നേതാക്കൾ പോലും അനുഭവിച്ചിട്ടില്ലെന്നുമാണ് ശുഹൈബ് മുഹമ്മദ് പറയുന്നത്.

ഇതിന്റെ പേരിൽ തന്നെ ബി.ജെ.പിയാക്കിയാലും കുഴപ്പമില്ല. സവർക്കർ ജയിലിൽ കിടന്ന് പീഠത്തിൽ കെട്ടിയുള്ള അടി, ഇടി, തൊഴിയെല്ലാം കൊണ്ട് ജയിലറയ്ക്കുള്ളിൽ കിടന്ന ആളുകളിൽ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിന് തയ്യാറാക്കിയിട്ടുണ്ടെന്നും ശുഹൈബ് മുഹമ്മദ് പറഞ്ഞു. 14 വർഷത്തിൽ കൂടുതൽ ജയിലിൽക്കിടന്നുവെന്നും സവർക്കർ മോശമൊന്നുമല്ലെന്നും പറഞ്ഞ ശുഹൈബ് സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് നേതാക്കളേക്കാൾ ത്യാഗം സഹിച്ചയാളാണ് സവർക്കർ എന്നും കൂട്ടിച്ചേർത്തു.

ശുഹൈബ് മുഹമ്മദ് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും ശുഹൈബിനെ സസ്‌പെൻഡ് ചെയ്തു. സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ചർച്ചകൾക്കിടെയാണ് ശുഹൈബ് മുഹമ്മദിന്റെ സവർക്കർ പരാമർശം. ‘കിഴക്കെ ആൽമുക്ക്’ എന്ന പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശുഹൈബ് സവർക്കറെ പുകഴ്ത്തിയത്.

സവർക്കർക്കറിനെതിരെയും ആർ.എസ്.എസിനെതിരെയും നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
ശുഹൈബിന്റെ പരാമർശത്തെ കുറിച്ച് പരിശോധിക്കുമെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എസ് .സോളമൻ വ്യക്തമാക്കി.

Content Highlight: CPI leader suspended after praise Savarkar