വോട്ടര്‍ അധികാര്‍ യാത്രയില്‍ സി.പി.ഐ നേതാവ് ഡി. രാജയ്ക്ക് ദേഹാസ്വാസ്ഥ്യം
India
വോട്ടര്‍ അധികാര്‍ യാത്രയില്‍ സി.പി.ഐ നേതാവ് ഡി. രാജയ്ക്ക് ദേഹാസ്വാസ്ഥ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 1:11 pm

പാട്‌ന: വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന സമ്മേളനത്തിനിടെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് ദേഹാസ്വാസ്ഥ്യം. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലമാണ് വോട്ടര്‍ അധികാര്‍ യാത്ര നടന്നത്.

രാഹുലും തേജസ്വിയും ഇന്ത്യാ സഖ്യനേതാക്കളോടൊപ്പം നടത്തിയ ‘ഗാന്ധി സേ അംബേദ്കര്‍’ മാര്‍ച്ചിലൂടെയാണ് സമാപനദിനം ആരംഭിച്ചത്.

വോട്ടര്‍ അധികാര്‍ യാത്രക്കിടെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും

ഗാന്ധി മൈതാനത്തെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം തുടങ്ങിയ മാര്‍ച്ച്, അംബേദ്കര്‍ പാര്‍ക്കിലാണ് അവസാനിച്ചത്.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സി.പി.ഐ.എം നേതാക്കളായ ദീപങ്കര്‍ ഭട്ടാചാര്യ, എം.എ ബേബി, എന്‍.സി.പി (ശരദ് പവാര്‍) നേതാവ് ജിതേന്ദ്ര അഹെഡ്, വി.ഐ.പി നേതാവ് മുകേഷ് സാഹ്നി, ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ യൂസഫ് പത്താന്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.

‘വോട്ട് കള്ളന്മാര്‍ അധികാരം ഒഴിയുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള റാലിയോടെയാണ് വോട്ടര്‍ അധികാര്‍ യാത്ര സമാപനചടങ്ങുകള്‍ ആരംഭിച്ചത്. ആയിരക്കണക്കിന് അനുനായികളാണ് സമാപന യോഗത്തില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റ് 17 ന് ആരംഭിച്ച യാത്ര 1300 കിലോമീറ്റര്‍ സഞ്ചരിച്ച് 25 ജില്ലകളിലെ 110 നിയോജകമണ്ഡലങ്ങള്‍ പിന്നിട്ടിരുന്നു.

യാത്രയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, പ്രിയങ്ക ഗാന്ധി എം.പി എന്നിവരും പല ഘട്ടങ്ങളിലായി മാര്‍ച്ചിന്റെ ഭാഗമായിരുന്നു.

Content Highlight: CPI leader D. Raja falls unwell during voter adhikar yatra