സ്വന്തം പഞ്ചായത്തില്‍ പോലും ലീഡില്ല, ധര്‍മ്മടത്ത് പിണറായി പരാജയപ്പെട്ടു കഴിഞ്ഞു: വി.പി. അബ്ദുള്‍ റഷീദ്
Kerala
സ്വന്തം പഞ്ചായത്തില്‍ പോലും ലീഡില്ല, ധര്‍മ്മടത്ത് പിണറായി പരാജയപ്പെട്ടു കഴിഞ്ഞു: വി.പി. അബ്ദുള്‍ റഷീദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2026, 12:02 pm

കണ്ണൂര്‍: നിയസഭാ വോട്ടെണ്ണല്‍ പുരോഗമിക്കവെ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാജയം സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി. അബ്ദുള്‍ റഷീദ്. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ലീഡ് ഉയര്‍ത്താന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന വേങ്ങാട് പഞ്ചായത്തില്‍ പോലും ലീഡ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ചെമ്പിലോട്, അഞ്ചരക്കണ്ടി തുടങ്ങിയ എല്‍.ഡി.എഫ് കോട്ടകളില്‍ യു.ഡി.എഫിന്റെ മുന്നേറ്റമാണ് കാണുന്നത്.

പ്രചാരണ രംഗത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നെന്നും പോസ്റ്ററുകള്‍ നശിപ്പിച്ചും പര്യടനം തടഞ്ഞും ഭയപ്പെടുത്തിയ ഇടങ്ങളില്‍ പോലും ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നിന്നെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

സ്വന്തം പഞ്ചായത്തില്‍ പോലും ജനവിശ്വാസം നേടാന്‍ കഴിയാത്ത പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അബ്ദുള്‍ റഷീദ് ആവശ്യപ്പെട്ടു.

‘ധര്‍മ്മടത്ത് വിജയിക്കുമെന്ന് തുടക്കം മുതലേ ഞാന്‍ പറഞ്ഞിരുന്നു. 40 കോടിയോളം രൂപ ഒഴുക്കി പണമൊഴുക്കിലൂടെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും ജനമനസ്സ് യു.ഡി.എഫിനൊപ്പമാണ്. രാഷ്ട്രീയപരമായി പിണറായി വിജയന്‍ ഇവിടെ പരാജയപ്പെട്ടു കഴിഞ്ഞു.’
അബ്ദുള്‍ റഷീദ് പറഞ്ഞു.

ഇനി എണ്ണാനുള്ള പെരളശ്ശേരി, ധര്‍മ്മടം, പിണറായി പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമായിരുന്നുവെന്നും, വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ അത്ഭുതകരമായ വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കേരളത്തിന്റെ പൊതുമനസിന്റെ കൂടെ സഞ്ചരിക്കുകയാണ്. ഞാന്‍ തുടക്കം മുതല്‍ പറഞ്ഞു, ധര്‍മ്മടം ജയിക്കുമെന്ന്. പക്ഷേ അത് ഏറ്റുപറയാന്‍ ആരുമുണ്ടായിരുന്നില്ല. പ്രചരണ രംഗത്ത് പോലും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒറ്റയ്ക്ക് പ്രചരണം നയിക്കേണ്ടി വന്നു, ഇവിടുത്തെ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും.

അഞ്ച് റൗണ്ടില്‍, 20000ത്തോളം ലീഡ് കിട്ടേണ്ടിടത്താണ്, ഇപ്പോഴും ഒരു റൗണ്ടില്‍ പോലും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ലീഡ് കിട്ടാതെ പോകുന്നത്. ഇത് ഞങ്ങള്‍ വിജയിച്ചതിന് തുല്യമാണ്. ഇനി ഇതിന്റെ റിസള്‍ട്ട് എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല.

പ്രവര്‍ത്തന സ്വാതന്ത്ര്യം ഉള്ളിടത്ത് പോസ്റ്ററൊട്ടിക്കാനും വീട് കയറാനും വോട്ട് ചോദിക്കാനും പറ്റിയിടത്ത് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പര്യടനം നടത്താന്‍ പറ്റിയിടത്ത് എല്ലാം പോയിട്ടുണ്ട്. ലോകത്തിലെ മുഴുവന്‍ മലയാളികളുടെ മുന്നിലും അഭിമാനത്തോട് കൂടി പറയുകയാണ് യു.ഡി.എഫിന് വേണ്ടി യു.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ ലീഡ് പിടിച്ചിരിക്കുകയാണ്.

ഇത് രാഷ്ട്രീയപരമായി പിണറായി വിജയന്റെ പരാജയമാണ്. മൂന്ന് പഞ്ചായത്തുകള്‍, യു.ഡി.എഫ് ചരിത്രത്തില്‍ ഭരിക്കാത്ത പഞ്ചായത്താണ് ചെമ്പിലോട്. എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ കൂടെ നിന്ന പഞ്ചായത്താണ് അഞ്ചരക്കണ്ടി. പിണറായി വിജയന്റെ വീടിരിക്കുന്ന പഞ്ചായത്തായ വേങ്ങാട് പഞ്ചായത്തില്‍ പോലും പിണറായി ലീഡ് നേടിയിട്ടില്ല. എന്തിനാണ് ഇനി പിണറായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്? ജനങ്ങളെ അദ്ദേഹം എങ്ങനെ ഫേസ് ചെയ്യും

അദ്ദേഹത്തിന്റെ ബൂത്ത് പരിശോധിക്കുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ സ്വന്തം വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ പരാജയത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്ത് മാറി നില്‍ക്കണം.

ഇനി എണ്ണേണ്ടത് ധര്‍മ്മടവും പെരളശേരിയും പിണറായി പഞ്ചായത്തുമാണ്. ഞങ്ങളെ ബൂത്തിലിരിക്കാന്‍ സമ്മതിക്കാത്ത ആട്ടിയോടിച്ച് പ്രദേശങ്ങളാണ് ഇതെല്ലാം. എന്റെ പോസ്റ്ററും പ്രചരണ ബോര്‍ഡുകളും വ്യാപകമായി മോഷ്ടിച്ച പ്രദേശം. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ പരാതി നല്‍കി.

എന്റെ പര്യടനം തടഞ്ഞ പ്രദേശങ്ങൡലൂടേയാണ് ഇനി കടന്നുപോകേണ്ടത്. 40 ലക്ഷം ചിലവഴിക്കേണ്ടിടത്ത് 40 കോടി രൂപയാണ് അവസാനത്തെ ആറ് ദിവസവും അവര്‍ ചിലവഴിച്ചത്. സാമ്പത്തികം അതുപോലെ ഒഴുക്കിയിട്ടും ഈ ഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ധര്‍മടത്ത് രാഷ്ട്രീയപരമായി യു.ഡി.എഫ് വിജയിച്ചുകഴിഞ്ഞു. ധര്‍മടത്ത് വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്,’ അബ്ദുള്‍ റഷീദ് പറഞ്ഞു.

Content Highlight: CP Abdul Rasheed against Pinayi Viajayn Dharmadam