ഭീരുത്വപരമായ വധം; ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പെസസ്‌കിയാന്‍
Iran US Conflict
ഭീരുത്വപരമായ വധം; ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പെസസ്‌കിയാന്‍
അനിത സി
Wednesday, 18th March 2026, 9:25 pm

ടെഹ്‌റാന്‍: ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. എക്‌സില്‍ കുറിച്ച പോസ്റ്റിലാണ് ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് പെസസ്‌കിയാന്‍ സ്ഥിരീകരിച്ചത്.

ഭീരുത്വപരമായ കൊലപാതകമെന്ന് ഖത്തീന്റെ വധത്തെ പെസസ്‌കിയാന്‍ വിശേഷിപ്പിച്ചു.

നേരത്തെ, ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് എസ്മയില്‍ ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ കൊലപാതകം സ്ഥിരീകരിച്ചിരിക്കുന്നത്.

ഒറ്റരാത്രികൊണ്ട് ഇറാന്‍ മന്ത്രി എസ്മായില്‍ ഖത്തീബിനെ ഉന്മൂലനം ചെയ്തെന്നായിരുന്നു ഇസ്രഈല്‍ കാറ്റ്സിന്റെ ബുധനാഴ്ചയിലെ പ്രസ്താവന.

‘ഞങ്ങള്‍ അവരെയെല്ലാം പരാജയപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നത് തുടരും. എല്ലാ മേഖലകളിലും ഈ ദിവസം മുഴുവന്‍ കാര്യമായ ആശ്ചര്യങ്ങള്‍ പ്രതീക്ഷിക്കുന്നു’, ഇസ്രഈല്‍ കാറ്റ്സ് പറഞ്ഞിരുന്നു.

ഏതൊരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്താന്‍ ഇസ്രഈല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയിട്ടുണ്ടെന്നും കാറ്റ്സ് അവകാശപ്പെട്ടിരുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇറാന്‍ ഉന്നത ഉദ്യോഗസ്ഥനാണ് ഖത്തീബ്. ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ ഇസ്രഈല്‍ കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു.

ബാസിജ് ഫോഴ്സ് തലവന്‍ ഘോലംറേസ സുലൈമാനിയെ വധിച്ചതായി ഇസ്രഈല്‍ പ്രതിരോധ സേന അവകാശപ്പെട്ടതിന് പിന്നാലെ ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

Content Highlight: Cowardly assassination; Pezeshkian confirms that Iran’s intelligence minister has been killed

 

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.