പശുക്കടത്ത് നടത്തുന്നവരെ റോഡിൽ വെടിവെച്ചിടും, വിവാദ പരാമർശവുമായി കർണാടക മന്ത്രി
national news
പശുക്കടത്ത് നടത്തുന്നവരെ റോഡിൽ വെടിവെച്ചിടും, വിവാദ പരാമർശവുമായി കർണാടക മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 3:14 pm

ബെംഗളൂരു: പശുക്കടത്ത് നടത്തുന്നവരെ റോഡിൽ വെടിവെച്ചിടുമെന്ന വിവാദ പ്രസ്താവനയുമായി കർണാടക ഫിഷറീസ് ആന്റ് തുറമുഖ ഗതാഗത മന്ത്രി മങ്കല സുബ്ബ വൈദ്യ. പശുക്കടത്ത് നടത്തുന്നവർക്കെതിരെ യാതൊരുവിധ ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും പ്രതികളെ യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെ വെടിവയ്ക്കാൻ ഉത്തരവിടുമെന്നും മന്ത്രി പറഞ്ഞു.

‘ഞങ്ങൾ എല്ലാ ദിവസവും പശുവിൻ പാൽ കുടിക്കാറുണ്ട്. പശു ഞങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു മൃഗമാണ്. പശുക്കടത്ത് നടത്തുന്നവർ ആരാണെങ്കിലും അവർക്കെതിരെ നടപടിയെടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് തെറ്റാണെന്ന് തോന്നാം പക്ഷേ ആവശ്യമെങ്കിൽ, പശുക്കടത്ത് നടത്തുന്ന പ്രതിയെ റോഡിലോ തുറസായ സ്ഥലത്തോ വെച്ച് വെടിവക്കാൻ ഞാൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്,’ കാർവാറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മുൻ ബി.ജെ.പി ഭരണകാലത്ത് പശു മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പശു വളർത്തുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പശുക്കളെയും അവയുടെ പരിപാലകരെയും സംരക്ഷിക്കുമെന്നും വൈദ്യ കൂട്ടിച്ചേർത്തു.

പശുക്കടത്ത് തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. അടുത്തിടെ, ഹോണാവറിനടുത്ത് പശുവിനെ കശാപ്പ് ചെയ്ത കേസിൽ പ്രതിയായ ഒരാളെ പൊലീസ് കാലിന് വെടി വെച്ചിരുന്നു.

കസർകോട് ടോങ്ക സ്വദേശിയായ മുഹമ്മദ് ഫൈസാൻ ഹസൻ കാവ്ക എന്ന യുവാവിനെതിരെയാണ് പൊലീസ് നിറയൊഴിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തങ്ങൾ ആത്മരക്ഷാർത്ഥം വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം.

ടോങ്ക നിവാസിയായ ഇയാളും കൂട്ടാളികളും ചേർന്ന് ഹൊന്നാവറിലെ സാൽക്കോട് ഗ്രാമപഞ്ചായത്തിലെ കൊണ്ടുകുളി ഗ്രാമത്തിൽ ഗർഭിണിയായ പശുവിനെ അറുത്തതായി പറയപ്പെടുന്നു.

ഹോണാവർ കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Content Highlight: Cow theft accused will be shot on spot in Uttara Kannada: Minister Mankal Vaidya